KeralaLatest

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ പുനരാരംഭിക്കും

“Manju”

 

ജുബിൻ ബാബു എം.

കോഴിക്കോട്:നാളെ പുനരാരംഭിക്കുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പരീക്ഷ നടത്തുകയെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി.പി. മിനി അറിയിച്ചു. 197 കേന്ദ്രങ്ങളിലായി 44,460 വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ നാളെ (മെയ് 26) എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. 28 കേന്ദ്രങ്ങളിലായി 5,111 വി.എച്ച്.എസ.ഇ വിദ്യാര്‍ത്ഥികൾ നാളെ പരീക്ഷയെഴുതും. പ്ലസ്ടു പരീക്ഷകള്‍ മറ്റന്നാൾ (മെയ് 27) പുനരാരംഭിക്കും. 45,847 പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളും 46,545 പ്ലസ്ടു വിദ്യാര്‍ത്ഥികളുമാണുള്ളത്. 179 കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടക്കുക.

മാസ്‌ക്, സാനിറ്റൈസര്‍, തെര്‍മല്‍ സ്‌കാനര്‍ എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കുക. എല്ലാ സ്‌കൂളുകളിലേക്കും തെര്‍മല്‍ സ്‌കാനര്‍ നല്‍കിയെന്ന് വിദ്യാഭാസ ഉപഡയറക്ടര്‍ പറഞ്ഞു. പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് പ്രതിനിധി സ്‌കൂളുകളില്‍ ഉണ്ടാകും. അധ്യാപകര്‍ക്കും മാസ്‌ക്, ഗ്ലൗസ് എന്നിവ നല്‍കും. ബ്രേക്ക് ദ ചെയിന്‍ ക്യാംപെയിന്റെ ഭാഗമായി സോപ്പ്, വെളളം എന്നിവ പ്രവേശന കവാടത്തില്‍ ഉറപ്പുവരുത്തുന്നതിന്റെ ക്രമീകരണങ്ങളും പൂര്‍ത്തിയായി.

വിദ്യാര്‍ത്ഥികള്‍ പേന, പെന്‍സില്‍ ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറാന്‍ പാടില്ല. ഒരു പരീക്ഷ കഴിഞ്ഞ് അടുത്ത പരീക്ഷ തുടങ്ങുന്നതിന് മുന്‍പ് പരീക്ഷാ കേന്ദ്രങ്ങള്‍ വീണ്ടും അണുനശീകരണം നടത്തും. എസ്.എസ്.എല്‍.സി പരീക്ഷ മെയ് 28 നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ 30 നും അവസാനിക്കും.

Related Articles

Back to top button