KeralaLatest

ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് സഹോദരങ്ങള്‍ക്ക്

“Manju”

കൊച്ചി: ഈ വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ് ഇന്ത്യയില്‍ നിന്നുള്ള സഹോദരങ്ങള്‍ക്ക്. ന്യൂഡല്‍ഹി സ്വദേശികളായ വിഹാന്‍ (17), നവ് അഗര്‍വാള്‍ (14) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്. നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥിയാണ് പുരസ്‌കാര ജേതാവിനെ പ്രഖ്യാപിച്ചത്. ആഗോളതലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട യൂത്ത് അവാര്‍ഡായ ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് പീസ് പ്രൈസ്, അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ അവകാശ സംഘടനയായ കിഡ്‌സ് റൈറ്റ്‌സിന്റെ സംരംഭമാണ്.

39 രാജ്യങ്ങളില്‍ നിന്നുള്ള 169-ലധികം നോമിനേഷനുകളില്‍ നിന്നാണ് വിദഗ്ദ്ധ സംഘം ജേതാക്കളെ തെരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്നും യുകെ / നെതര്‍ലാന്‍ഡ്‌സില്‍ നിന്നുമുള്ള മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നെതര്‍ലന്‍ഡ്സിലെ ഹേഗിലെ പ്രശസ്തമായ ഹാള്‍ ഓഫ് നൈറ്റ്സില്‍ നടന്ന ചടങ്ങില്‍ കൈൈലാഷ് സത്യാര്‍ഥി പുരസ്കാരം സമ്മാനിച്ചു.

പുരസ്‌കാര ലഭ്യതയിലൂടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ അവരുടെ സന്ദേശം പ്രചരിപ്പിക്കാന്‍ പ്രാപ്തരാക്കുന്ന ഒരു അന്താരാഷ്ട്ര പ്ലാറ്റ് ഫോമാണ് ജേതാക്കള്‍ക്ക് ലഭിച്ചത്. 2020-ല്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമായിരുന്നു ഡല്‍ഹി. ആസ്ത്മ ബാധിച്ച്‌ വളര്‍ന്ന വിഹാനെ ഡല്‍ഹി നഗരത്തിലെ വായു മലിനീകരണം മൂലം പലപ്പോഴും അസുഖം ബാധിച്ചിരുന്നു, സഹോദരങ്ങള്‍ക്ക് പലപ്പോഴും വീടിന് പുറത്തിറങ്ങി കളിക്കാന്‍ പോലും കഴിയുമായിരുന്നില്ല. ഡല്‍ഹിയിലെ ഗാസിപൂര്‍ ലാന്‍ഡ്ഫില്‍ തകര്‍ച്ചയെ തുടര്‍ന്നുള്ള മാലിന്യവും വായു മലിനീകരണവും രൂക്ഷമായതോടെ കുട്ടികള്‍ വണ്‍ സ്റ്റെപ്പ് ഗ്രീനര്‍ എന്ന ആശയം സൃഷ്ടിക്കാന്‍ പ്രേരിപ്പിച്ചു – ഈ സംരംഭം ചപ്പുചവറുകള്‍ വേര്‍തിരിക്കാനും മാലിന്യ പിക്കപ്പ് ഡ്രൈവ് സംഘടിപ്പിക്കാനും തുടങ്ങി.

വെറും 15 വീടുകളില്‍ നിന്ന്, വണ്‍ സ്റ്റെപ്പ് ഗ്രീനര്‍ ഇപ്പോള്‍ നഗരത്തിലുടനീളം ആയിരത്തിലധികം വീടുകളില്‍ നിന്നും സ്‌കൂളുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും മാലിന്യങ്ങള്‍ ശേഖരിക്കുകയും 173,630 കിലോഗ്രാം മാലിന്യം റീസൈക്കിള്‍ ചെയ്യുകയും ചെയ്തു. സഹോദരങ്ങള്‍ പലപ്പോഴും പ്രതിദിനം 4-5 മണിക്കൂര്‍ നീക്കി വയ്ക്കുകയും ഇന്ത്യയിലുടനീളമുള്ള കുട്ടികളില്‍ തങ്ങളുടെ സുസ്ഥിരതാ സന്ദേശം എത്തിക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. മാലിന്യ സംസ്കരണത്തിനായി ഇവര്‍ തയ്യാറാക്കിയ പ്രചാരണ സാമഗ്രികള്‍ ഡല്‍ഹിയിലെ നൂറിലേറെ സ്കൂളുകളിലാണ് ഉപയോഗിക്കുന്നത്.

2005-ല്‍ മിഖായേല്‍ ഗോര്‍ബച്ചേവിന്റെ അധ്യക്ഷതയില്‍ റോമില്‍ നടന്ന സമാധാനത്തിനുള്ള നോബല്‍ സമ്മാന ജേതാക്കളുടെ ലോക ഉച്ചകോടിക്കിടെയാണ് കുട്ടികളുടെ അന്തര്‍ദേശീയ സമാധാന സമ്മാനം ആരംഭിച്ചത്. കുട്ടികളുടെ അവകാശങ്ങള്‍ക്കുവേണ്ടി വാദിക്കുന്നതിലും അനാഥര്‍, ബാലവേലക്കാര്‍, എച്ച്‌ഐവി/എയ്ഡ്സ് ബാധിതരായ കുട്ടികള്‍ തുടങ്ങിയ ദുര്‍ബലരായ കുട്ടികളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിലും കാര്യമായ സംഭാവനകള്‍ നല്‍കുന്ന കുട്ടിക്കാണ് ഇത് വര്‍ഷം തോറും നല്‍കുന്നത്.

Related Articles

Back to top button