KeralaLatestThiruvananthapuram

മഴയെ തത്സമയം അളക്കാന്‍ ഓട്ടമറ്റിക് വെതര്‍ സ്റ്റേഷനുകള്‍

“Manju”

തിരുവനന്തപുരം: മഴയുടെ അളവു തത്സമയം ലഭിക്കാന്‍ കേരളത്തില്‍ 63 ഓട്ടമറ്റിക് വെതര്‍ സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുന്നു. മൂന്ന് കോടിയിലേറെ രൂപ മുടക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആണ് ഇവ സ്ഥാപിക്കുന്നത്. മഴയ്‌ക്കൊപ്പം ചൂട്, കാറ്റിന്റെ ഗതി, അന്തരീക്ഷത്തിലെ ആര്‍ദ്രത തുടങ്ങിയ കാലാവസ്ഥാ വിവരങ്ങളും തത്സമയം ലഭ്യമാകും. അതിതീവ്രമഴയും ഉരുള്‍പൊട്ടലും പതിവായ മലയോര മേഖലയിലാണു പുതിയ സ്റ്റേഷനുകളില്‍ ഭൂരിഭാഗവും സ്ഥാപിക്കുക.

സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുള്ള 10 മീറ്റര്‍ വീതം നീളവും വീതിയുമുള്ള സ്ഥലങ്ങളിലാണു സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. ഒരു സ്റ്റേഷന് 5 ലക്ഷത്തിലേറെ രൂപ ചെലവു വരും. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം കേരളത്തില്‍ 256 മഴ അളവുകേന്ദ്രങ്ങള്‍ വേണം. കാലാവസ്ഥാ വകുപ്പിന്റെ കീഴിലുണ്ടായിരുന്നത് 68 എണ്ണം മാത്രം. 188 കേന്ദ്രങ്ങള്‍ കൂടി സ്ഥാപിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ 2018ലെ പ്രളയത്തിനു ശേഷം ആവശ്യപ്പെട്ടിരുന്നു.

100 എണ്ണത്തിനു കാലാവസ്ഥാ വകുപ്പ് അനുമതി നല്‍കിയെങ്കിലും 15 എണ്ണം മാത്രമാണു സ്ഥാപിച്ചത്. ബാക്കി 85 എണ്ണത്തില്‍ 63 എണ്ണം സ്ഥാപിക്കാനാണ് ഇപ്പോള്‍ ധാരണയായത്. 23 സ്റ്റേഷനുകള്‍ക്കായി കണ്ടെത്തിയ സ്ഥലങ്ങള്‍ അനുയോജ്യമല്ലെന്നു കാലാവസ്ഥാ വകുപ്പ് സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയെ അറിയിച്ചു. പകരം പുതിയ സ്ഥലങ്ങള്‍ കണ്ടെത്തണം. കാലാവസ്ഥാ വകുപ്പിലെ വിദഗ്ദ്ധര്‍ പരിശോധിച്ച ശേഷമേ ഇവിടങ്ങളില്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതില്‍ തീരുമാനമെടുക്കൂ. ഈ സ്‌റ്റേഷനുകള്‍ ആറ് മാസത്തിനകം പ്രവര്‍ത്തനക്ഷമമാകും. കഴിഞ്ഞ മാസം മിന്നല്‍ പ്രളയമുണ്ടായ മുണ്ടക്കയത്തു പോലും തത്സമയ വിവരം ലഭ്യമാക്കാനുള്ള മഴമാപിനികള്‍ ഉണ്ടായിരുന്നില്ല.

Related Articles

Back to top button