IndiaLatest

സ്ത്രീകള്‍ പുരോഗതി കൈവരിക്കുമ്പോള്‍ ലോകവും വളരുന്നു

“Manju”

ന്യൂഡല്‍ഹി: ഗുജറാത്തിലെ ഗാന്ധിനഗറില്‍ നടന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ത്രിദിന ജി20 മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കോണ്‍ഫറൻസിലൂടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. സ്ത്രീകള്‍ക്ക് അഭിവൃദ്ധി ലഭിക്കുന്നതോടെ ലോകവും അഭിവൃദ്ധിയിലേക്ക് കടക്കുകയാണെന്ന് യോഗത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം രാജ്യത്തിന്റെ വളര്‍ച്ചയെ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുമെന്നും വിദ്യാഭ്യാസ പുരോഗതി ആഗോള പുരോഗതിയെ കൂടുതല്‍ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്ത്രീകളുടെ ശബ്ദം മാറ്റങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നവയാണ്. ഇവരെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം സ്ത്രീകള്‍ നയിക്കുന്ന വികസന സമീപനങ്ങള്‍ തന്നെയാണ്. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ഇതിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോത്ര പശ്ചാത്തലത്തില്‍ നിന്നെത്തിയ വനിത ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെയാണ് മുന്നോട്ട് നയിക്കുന്നത്. ഇതിന് പുറമേ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിരോധ സേനയുടെ കമാൻഡര്‍-ഇൻ-ചീഫ് ആയും രാഷ്‌ട്രപതി ദ്രൗപദി മുര്‍മു സേവനം അനുഷ്ടിക്കുന്നു.

ഇതിന് പുറമേ ഇന്ത്യയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ 46 ശതമാനവും സ്ത്രീകളാണ്. സ്വയം സഹായ സംഘം രൂപീകരിക്കുന്നതിനുള്ള സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതും മികച്ച മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ മഹാമാരിയുടെ സമയത്ത് അണുബാധ തടയുന്നതിനെക്കുറിച്ചും പൊതുവായ അവബോധം സൃഷ്ടിക്കുന്നതിനും, മാസ്‌കുകളും സാനിറ്റൈസറുകള്‍ എന്നിവ നിര്‍മ്മിക്കുന്നതിനും സ്ത്രീകള്‍ പ്രധാന പങ്കുവഹിച്ചിരുന്നു.

ഇന്ത്യയിലെ എസ്ടിഇഎം ബിരുദധാരികളില്‍ ഏകദേശം 43 ശതമാനം സ്ത്രീകളാണ്. അതായത് സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയില്‍ സ്ത്രീകള്‍ അവരുടെ മികവ് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞരില്‍ നാലിലൊന്ന് സ്ത്രീകളാണ്. ചന്ദ്രയാൻ, ഗഗൻയാൻ, മിഷൻ ചൊവ്വ തുടങ്ങിയ നമ്മുടെ മുൻനിര പരിപാടികളുടെ വിജയത്തിന് പിന്നില്‍ വനിതാ ശാസ്ത്രജ്ഞരുടെ കഴിവും കഠിനാധ്വാനവുമുണ്ട്. ഇന്ന് ഇന്ത്യയില്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നത്. സിവില്‍ ഏവിയേഷനില്‍ ഏറ്റവും ഉയര്‍ന്ന ശതമാനവും വനിതാ പൈലറ്റുമാരാണ്. ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റുമാരാണ് ഇപ്പോള്‍ യുദ്ധവിമാനങ്ങള്‍ പറത്തുന്നത്. നമ്മുടെ എല്ലാ സായുധ സേനകളിലും ഓപ്പറേഷൻ റോളുകളിലും പോരാട്ട വേദികളിലും വനിതാ ഓഫീസര്‍മാരെ വിന്യസിക്കുന്നുണ്ട്.
കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനിയുടെ അദ്ധ്യക്ഷതയില്‍ ജി20 ഇന്ത്യൻ പ്രസിഡൻസിക്ക് കീഴിലുള്ള സ്ത്രീ ശാക്തീകരണം സംബന്ധിച്ച മന്ത്രിതല യോഗം ബുധനാഴ്ചയാണ് ഗാന്ധിനഗറില്‍ ആരംഭിച്ചത്. വെള്ളിയാഴ്ച ഇത് സമാപിക്കും.

Related Articles

Back to top button