InternationalLatest

നിമിഷയ്ക്ക് ആശ്വാസത്തിന്റെ തരിവെട്ടം

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് നേരിയ ആശ്വാസം.

“Manju”

യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം ജലസംഭരണിയില്‍ ഒളിപ്പിച്ച കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് നേരിയ ആശ്വാസം.
യെമനില്‍ ഒരു മലയാളി യുവതി മരണം കാത്തുകിടക്കുന്നുവെന്ന വാര്‍ത്ത കേരളത്തെ അറിയിച്ചത് സാമുവല്‍ ജെറോം ആണ്. 2017ല്‍ നിയമനടപടികള്‍ തുടങ്ങിയതിനുശേഷമുള്ള ആദ്യത്തെ ആശ്വാസവാര്‍ത്തയാണിതെന്ന് സാമുവല്‍ പറഞ്ഞു. നിമിഷയ്ക്ക് അറബി അറിയില്ലെന്നു കോടതിയെ ബോധ്യപ്പെടുത്താനായി. ഇതോടെ വധശിക്ഷയ്ക്ക് വിധിച്ച കീഴ്ക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട കുറ്റസമ്മതമൊഴിയിലടക്കം പുതുതായി വാദം കേള്‍ക്കാന്‍ സാധ്യത തെളിഞ്ഞു. കുറ്റസമ്മതം അടിസ്ഥാനമാക്കിയായിരുന്നു കോടതിവിധി.
ഇന്ത്യന്‍ എംബസി പ്രതിനിധി നാഫയോടൊപ്പം ജയിലിലെത്തി നിമിഷപ്രിയയെ കണ്ടിരുന്നു. ഒന്നരമണിക്കൂര്‍ സംസാരിച്ചു. നിമിഷയ്ക്ക് കുറ്റകൃത്യത്തില്‍ പറയുന്നത്ര പങ്കില്ലെന്ന് ബോധ്യപ്പെട്ടു. നിരപരാധിത്വം തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷ. ദയാധനം നല്‍കുന്നതില്‍ ഇതുവരെ ചര്‍ച്ച നടന്നിട്ടില്ലെന്നും സാമുവല്‍ വ്യക്തമാക്കി. ഒരുതവണ കൊല്ലപ്പെട്ട തലാലിന്റെ കുടുംബത്തെ കണ്ടിരുന്നു. പക്ഷേ, നേരെ പോയി ദയാധനം എത്രയെന്ന് ചോദിക്കുന്നതല്ല ഗോത്രനിയമം.
പുതിയ അംബാസിഡര്‍ ചുമതലയേറ്റെടുത്ത ശേഷം യെമനിലെ ഇന്ത്യന്‍ എംബസി കേസ് നടത്തിപ്പിന് ഊര്‍ജിതമായ പിന്തുണ നല്‍കുന്നതായും സാമുവല്‍ പറഞ്ഞു. കൊലപാതകത്തിന് കൂട്ട് നിന്നതായി പറയപ്പെടുന്ന നേഴ്സ് ഹനാന് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ജീവന്‍ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിമിഷ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചെങ്കിലും അനുകൂല നിലപാട് ഉണ്ടായില്ല. പീഡനങ്ങളും ദുരിതങ്ങളും സഹിക്കാനാവാതെയാണ് കൊലപാതകത്തിന് നിര്‍ബന്ധിത ആയതെന്ന് എന്നാണ് നിമിഷ പറയുന്നത്.
യെമനില്‍ തലാല്‍ അബ്ദു മഹ്ദിയുമൊന്നിച്ചു ക്ലിനിക്ക് നടത്തുകയായിരുന്നു നഴ്സ് ആയ നിമിഷപ്രിയ. തന്നെ വഞ്ചിച്ച്‌ ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്തെന്നും പാസ്പോര്‍ട്ട് പിടിച്ചുവച്ചു നാട്ടില്‍ വിടാതെ പീഡിപ്പിച്ചെന്നും ലൈംഗിക വൈകൃതങ്ങള്‍ക്കായി ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ പറയുന്നു. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ 2014 ല്‍ ആണു നിമിഷപ്രിയ തലാലിന്റെ സഹായം തേടിയത്. പിന്നീടു ഭീഷണിപ്പെടുത്തി മതാചാരപ്രകാരം തലാല്‍ വിവാഹം കഴിക്കുകയായിരുന്നെന്നും നിമിഷപ്രിയ പറയുന്നു.

Related Articles

Back to top button