ArticleKeralaLatestUncategorized

കടുത്ത കുടിവെള്ളക്ഷാമത്തിലും മാതൃകയാവുന്ന ശാന്തിഗിരി കരുണ ശുദ്ധ ജല സ്രോതസ്സ്

“Manju”

ഒരു തുള്ളി വെള്ളം പോലും അനാവശ്യമായി ഉപയോഗിക്കാന്‍ പാടില്ല. വെള്ളം ദൈവത്തിന്റെ അനുഗ്രഹമാണ്. ഓരോ തുള്ളിയും എങ്ങനെ ചെലവഴിക്കണമെന്ന് പ്രധാനമാണ്. ജലമാണ് ജീവന്‍.

ഇങ്ങനെ പറയുമ്പോഴും ബെംഗ്ലൂരു നഗരം കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന വാര്‍ത്തകള്‍ നാം കണ്ടത് ഞെട്ടലോടെയാണ്. ഒരിറ്റ് ശുദ്ധജലം ലഭിക്കാനായി ആ നഗരം തന്നെ വിട്ടൊഴിയേണ്ടി വരുന്ന ഒരു ഭയപ്പെടുത്തുന്ന കാഴ്ച. ഇത്തരം അനുഭവങ്ങള്‍ നമുക്കും വിദൂരമല്ല. ഇനിയൊരു ലോക മഹായുദ്ധമുണ്ടെങ്കില്‍ അത് കുടിവെള്ളത്തിന് വേണ്ടിയായിരിക്കുമെന്ന് പറയാറുണ്ട്. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത ജലക്ഷാമത്തിലേക്ക് പൊയക്കൊണ്ടിരിക്കുകയാണ്.

പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ വലിയ പങ്കുവഹിക്കുന്നതാണ് ജല സ്രോതസ്സുകള്‍. പുഴകളും തോടുകളും കുളങ്ങളും ഭൂമിയിലെ വറ്റാത്ത ഉറവകളായിരിക്കണം. മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ക്കെല്ലാം ഒരു പോലെ ആശ്വാസമാകുന്ന ജലസ്രോതസ്സുകള്‍ സംരക്ഷിക്കണ്ടത് നമ്മുടെയല്ലാെം കടമയാണ്. ഇവിടെയാണ് ശാന്തിഗിരിയുടെ ‘കരുണ ശുദ്ധ ജലം’ മാതൃകയാവുന്നത്. ആശ്രമം സ്ഥാപകന്‍ നവജ്യോതി ശ്രീകരുണാകര ഗുരു വരുംകാല ജലക്ഷാമത്തെ മുന്നില്‍ കണ്ടുകൊണ്ട് ശാന്തിഗിരിയില്‍ ജലസംഭരണികള്‍ ഒരുക്കാന്‍ തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടത്. ജലക്ഷാമം രൂക്ഷമായുള്ള ഒരു മേഖലയായിരുന്നു ശാന്തിഗിരി കുന്ന്. കടുത്ത വരള്‍ച്ച വരും കാലങ്ങളില്‍ ഉണ്ടാവുമെന്ന് മനസ്സിലാക്കിയ ഗുരു ഭൂഗര്‍ഭജല പുനരുദ്ധാരണത്തിന്റെ പ്രയോജനം ലഭിക്കാന്‍ ആശ്രമ വളപ്പില്‍ മഴക്കുഴികള്‍ നിര്‍മിക്കാന്‍ നിര്‍ദേശിച്ചു. എന്നും ജലസമൃദ്ധമായിരിക്കാന്‍ വേണ്ടി 12 മഴ കുഴികള്‍ നിര്‍മിച്ചു. ഇതോടൊപ്പം കൃഷിയേയും മരങ്ങളെ സംരക്ഷിക്കുന്ന കാര്യങ്ങളും ഗുരു പ്രോത്സാഹിപ്പിച്ചു. ഉപേക്ഷിക്കപ്പെട്ട ക്വാറികളും കുളങ്ങളും ശുചീകരിച്ചു. ശേഷം റീചാര്‍ജിംഗ് നടപടികള്‍ ആരംഭിച്ചു.

ജലാശയത്തിൽ ശുചീകരണകർമ്മത്തിൽ ഏർപ്പെടുന്ന ബ്രഹ്മചാരികളും ശാന്തിമഹിമ പ്രവർത്തകരും

അതോടൊപ്പം, ശുദ്ധജലത്തിന്റെ ആവശ്യകത നിറവേറ്റുന്നതിനുള്ള ആദ്യത്തെ മഴവെള്ള സംഭരണ പദ്ധതിയുടെ നിര്‍മ്മാണവും ആശ്രമം ഏറ്റെടുത്തു. ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ആശ്രമത്തിന് മുന്നിലെ ഉപയോഗിക്കാതെ കിടന്നിരുന്ന ക്വാറി അമ്പത് ലക്ഷം ലിറ്റര്‍ ശേഷിയുള്ള മഴവെള്ള സംഭരണ കേന്ദ്രമാക്കി മാറ്റി. ഈ പദ്ധതിയിലൂടെ ആശ്രമത്തിലെ ജലക്ഷാമം അവസാനിപ്പിക്കാന്‍ മാത്രമല്ല, ചുറ്റുമുള്ള പ്രദേശങ്ങളിലെ ഭൂഗര്‍ഭജലനിരപ്പ് റീചാര്‍ജ് ചെയ്യാനും സഹായിച്ചു. ശാന്തിഗിരി ആശ്രമത്തിലെ ജലവിഭവ പരിപാലന രീതികള്‍ സംസ്ഥാനത്തെ പ്രകൃതിവിഭവ മാനേജ്മെന്റിലെ സാമൂഹിക പങ്കാളിത്തത്തിന് പ്രചോദനമായി.

 

ശുചീകരണ യജ്ഞം ചിത്രങ്ങളിലൂടെ…

നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതുവഴി പ്രാദേശികതലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജലഉപഭോഗ സംസ്‌കാരം രൂപപ്പെടുത്തുന്നതിലാണ് ശാന്തിഗിരി ജല സംരക്ഷണത്തിന്റെ ഊന്നല്‍. ജലലഭ്യതയും ഉത്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുക. പുതിയൊരു ജലസംരക്ഷണ-വിനിയോഗസംസ്‌കാരം ജനങ്ങളില്‍ വളര്‍ത്തിയെടുക്കുക, ജലസുരക്ഷയും പാരിസ്ഥിതികസുസ്ഥിരതയും ഭാവിതലമുറയ്ക്കുകൂടി ഉറപ്പാക്കുക. നിലവിലുളള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും വിനിയോഗവും സുസ്ഥിര പരിപാലനവും ഉറപ്പാക്കുക എന്നിവയ്ക്ക് പ്രാധാന്യം നല്‍കുകയും ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസങ്ങളില്‍ ശാന്തിഗിരിയിലെ ശാന്തിമഹിമയും ബ്രഹ്‌മചാരി സംഘവും, വി എസ് എന്‍ കെയുമെല്ലാം ജലാശയം ശുചീകരിച്ചത് നാം കണ്ടതാണ്. എത്ര കടുത്ത വേനലിലും ജലം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശ്രമത്തിന്റെ നേതൃത്വത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. വരും ദിവസങ്ങളിലും ഇത് തുടരുകയും ചെയ്യും. ഇത് ഒരു മാതൃകയാണ്.

ജലസ്രോതസ്സുകള്‍ ഒരുപാടുണ്ടായിട്ടും കേരളം പോലും വരള്‍ച്ചയുടെ പിടിയിലാണ്. ജലത്തേയും ജല സ്രോതസ്സുകളെയും സംരക്ഷിക്കേണ്ടത് ഭൂമിയിലെ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. കടുത്ത ജലക്ഷാമം ഉണ്ടായാല്‍ മാത്രമേ ജല സംരക്ഷണത്തിന് നാം മുതിരൂ എന്ന വാശിപിടിക്കരുത്. ഒരിക്കലും വറ്റാത്തവയല്ല ജല സ്രോതസ്സുകള്‍. കരുതലോടെ സംരക്ഷിച്ചില്ലെങ്കില്‍ ഇവയെല്ലാം കാലക്രമത്തില്‍ നശിച്ചു പോകും. ലോകത്ത് ജലത്തിന്റെ വിലയറിയുന്നവരായി നാം മാറിയാല്‍ മാത്രമേ ഇനിയൊരു നിലനില്‍പ്പ് ഈ ഭൂമിയില്‍ സാധ്യമാവുകയുള്ളു.

Related Articles

Back to top button