IndiaLatest

യുജി, പിജി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് അടുത്ത അക്കാദമിക് സെഷന്‍ മുതല്‍

“Manju”

യുജി, പിജി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് അടുത്ത അക്കാദമിക് സെഷന്‍ മുതല്‍
ന്യൂഡല്‍ഹി: 2022-2023 അക്കാദമിക് സെഷന്‍ മുതല്‍ കേന്ദ്ര സര്‍വകലാശാലകളിലെ ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കായി കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സിഇടി) നടത്തുമെന്ന്‌ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി).
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) മുഖേനയാണ് സിഇടി നടത്തുന്നതെന്നും യുജിസി വ്യക്തമാക്കി.
പിഎച്ച്‌ഡി പ്രോഗ്രാമിലെ പ്രവേശനത്തിന് സാധ്യമാകുന്നിടത്തെല്ലാം നെറ്റ് സ്കോര്‍ ഉപയോഗിക്കുമെന്നും യുജിസി അറിയിച്ചു. 2022-2023 അക്കാദമിക് സെഷന്‍ മുതല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാ കേന്ദ്ര സര്‍വകലാശാലകളോടും നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് യുജിസി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എല്ലാ സര്‍വകലാശാലകളിലെയും വൈസ് ചാന്‍സിലര്‍മാര്‍ക്ക് യുജിസി കത്തയച്ചു. കുറഞ്ഞത് 13 ഭാഷകളില്‍ ഈ ടെസ്റ്റുകള്‍ നടത്തുമെന്നും യുജിസി പറയുന്നു.
ദേശീയ വിദ്യാഭ്യാസ നയത്തില്‍ (എന്‍ഇപി) എന്‍ടിഎ വഴി എല്ലാ സര്‍വകലാശാലകള്‍ക്കും ഒരു സിഇടി നടത്തണമെന്ന് നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് യുജിസിയുടെ ഈ പ്രഖ്യാപനം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനും കേന്ദ്രസര്‍വകലാശാലകളില്‍ പരീക്ഷ നടത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കാനും ഒരു കമ്മിറ്റി രൂപീകരിച്ചതായി യുജിസി അറിയിച്ചു.
സമിതിയുടെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ നവംബര്‍ 21 ന് എല്ലാ കേന്ദ്ര സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാരുമായി ഒരു യോഗം ചേര്‍ന്നതായും യുജിസി വ്യക്തമാക്കി.
2021ലെ അക്കാദമിക് സെഷന്‍ മുതലുള്ള പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും സര്‍വ്വകലാശാലകളിലേക്കുള്ള പ്രവേശനം എന്ന് നേരത്തെ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രതിസന്ധികള്‍ കാരണം പദ്ധതി നടപ്പാക്കാനായില്ല.

Related Articles

Back to top button