International

കുവൈറ്റിൽ ഉന്നതവിദ്യാഭ്യാസ മേളക്ക് തുടക്കമായി

“Manju”

കുവൈറ്റ് സിറ്റി – ഇന്ത്യൻ കമ്മ്യൂണിറ്റി സ്ക്കൂൾ കുവൈറ്റ് സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ മേള ഡോ. ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ – തൊഴിൽ ഉപദേഷ്ടകൻ ഡോ. ടി.പി. സേതു മാധവൻ, ഡോ.ആര്‍.ഡി. ഗാർഗ് (IIT റൂർകീ), വില്യം ബേൺസ് (ലുബെർഗ് യൂണിവേഴ്സിറ്റി, UK), തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഐ.സി.എസ്.കെ. (ഖൈത്താൻ) പ്രിൻസിപ്പൽ ഗംഗാധർ ശിർഷാത് സ്വാഗതം പറഞ്ഞ ചടങ്ങിൽ, സൂസൻ രാജേഷ് (വൈസ് പ്രിൻസിപ്പൽ ഐ.സി.എസ്.കെ. സീനിയർ), സരിത പി നായർ (അക്കാഡമിക് സൂപ്പർവൈസർ) എന്നിവർ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി. മാനേജ്മെൻറ് ചെയർമാൻ അബ്‌ദുൾ റഹ്‌മാൻ വിശിഷ്‌ടാതിഥികളെ ആദരിച്ചു. ഐ.സി.എസ്.കെ. വിവിധ ശാഖകളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ഉദ്ഘാടന ചടങ്ങുകളെ വർണാഭമാക്കി. ജൂനിയർ ബ്രാഞ്ച് പ്രിൻസിപ്പൽ ഷേർലി ഡെന്നിസ് നന്ദി പ്രകാശിപ്പിച്ചു. ശ്രീകല ദിലീപിൻറെ അവതരണം ശ്രദ്ധേയമായി.
കോവിഡ് മാനദണ്ഡൾക്കനുസരിച്ചു വിർച്വൽ ആയി സംഘടിപ്പിച്ചിരിക്കുന്ന മേളയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല്പത്തിയഞ്ചിൽപ്പരം സർവ്വകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. കുവൈറ്റിലെ 21 ഇന്ത്യൻ സ്‌കൂളുകളിലെ 20000 ൽപ്പരം വിദ്യാർത്ഥികളെ കൂടാതെ മറ്റു ഗൾഫ് നാടുകളിൽ നിന്നും ലോകത്തിൻറെ ഏതു കോണിൽ നിന്നും ഉള്ളവർക്കും മേള പ്രയോജനപ്പെടുത്താം. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജി (IIT റൂർകീ), ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്മെൻറ് (IIM അഹമ്മദാബാദ്), നാഷണൽ ഫോറെൻസിക്‌സ് സയൻസസ് യൂണിവേഴ്‌സിറ്റി (ഇന്ത്യ), നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (ഇന്ത്യ) എന്നിവ കൂടാതെ ലോകോത്തര വിദേശ സർവ്വകലാശാലകൾ പങ്കെടുക്കുന്ന ഇത്തരമൊരു മേള ഇന്ത്യയിൽ പോലും നടന്നിട്ടുണ്ടാവില്ല. സ്പോട് അഡ്‌മിഷൻ, വിദേശ സ്കോളർഷിപ്പുകൾ, വിവിധ രാജ്യങ്ങളിൽ ലഭ്യമായ ഉന്നത – തുടർ വിദ്യാഭ്യാസ വിശദാംശങ്ങൾ, അഭിരുചിക്ക്‌ അനുസൃതമായ വിദ്യാഭ്യാസ മേഖലകളുടെ വിവരങ്ങൾ എന്നിവയുടെ ലഭ്യതയാണ് ഈ മേളയുടെ ആകർഷണം.
പുത്തൻ സാങ്കേതിക വിദ്യയുടെ മികവോടെ ലഭ്യമായ എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് പുതുതലമുറ വിദ്യാഭ്യാസം നേടേണ്ടതിൻറെ പ്രാധാന്യം ഡോ.ശശി തരൂർ എടുത്തു പറഞ്ഞു. ഉയർന്ന ക്ളാസുകളിലെ വിദ്യാർത്ഥികൾ സ്വന്തം കഴിവുകൾ തിരിച്ചറിഞ്ഞു തുടർ പഠനം തിരഞ്ഞെടുക്കേണ്ടതിൻറെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ പ്രസംഗം.
ലോകം വെല്ലുവിളികൾ നേരിടുന്ന വർത്തമാന കാലത്തും വരും നാളുകളിലും യുവജനങ്ങൾ നേരിട്ടേക്കാവുന്ന തൊഴിലില്ലായ്മ മുന്നിൽക്കണ്ടുകൊണ്ട് പുതിയ മേഖലകൾ വികസിപ്പിക്കാൻ സഹായിക്കുന്ന വിധം വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടതിൻറെ ആവശ്യകത ഡോ.സേതുമാധവൻറെ വാക്കുകളിൽ വ്യക്തമായിരുന്നു. മേളയിൽ അദ്ദഹവുമായി സംവദിക്കാൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും അവസരം ലഭിക്കും.
കോവിഡ് പശ്ചാത്തലത്തിലും പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് മുൻ വർഷങ്ങളേക്കാൾ ആകർഷകമായി മേള ഒരുക്കിയിരിക്കുന്നത് ഐ.സി.എസ്.കെ. സീനിയർ പ്രിൻസിപ്പാളും അഡ്‌മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ നേതൃത്വം നൽകുന്ന അധ്യാപകർ,IT വിദഗ്ദ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന വലിയൊരു സംഘമാണ്. മേള സന്ദർശിക്കുന്ന വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും എണ്ണം നിമിഷം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. ഫെബ്രുവരി 6 ശനിയാഴ്‌ചയും മേള തുടരും.

Related Articles

Back to top button