InternationalLatest

നവംബര്‍ അഞ്ച് സുനാമി ബോധവത്കരണ ദിനം

“Manju”

World Tsunami Awareness Day

നവംബര്‍ അഞ്ച് സുനാമി ബോധവത്കരണ ദിനം. സുനാമിയെക്കുറിച്ച്‌ ബോധവത്കരണം നടത്താനും അപകട സാദ്ധ്യത കുറയ്ക്കുന്നതിനുള്ള നൂതന സമീപനങ്ങള്‍ പങ്കുവെയ്ക്കാനും രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും ആഹ്വാനം ചെയ്ത് കൊണ്ടാണ് ഈ ദിനമാചരിക്കുന്നത്.

ജപ്പാന്റെ ആശയമാണ് ലോക സുനാമി ബോധവത്കരണ ദിനം. സുനാമി മുന്നറിയിപ്പ് നല്‍കുന്നതിലും ഭാവിയിലെ ആഘാതങ്ങള്‍ കുറയ്ക്കുന്നതിലും ദുരന്ത ശേഷം മെച്ചപ്പെട്ട രീതിയിലുള്ള വീണ്ടെടുക്കല്‍ നടത്തുന്നതിലും ജപ്പാൻ ഏറെ മുന്നിലാണ്. 2030ഓടെ ലോകജനസംഖ്യയുടെ 50 ശതമാനവും സുനാമി, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം എന്നിവയ്ക്ക് വിധേയമായ തീരപ്രദേശങ്ങളിലായിരിക്കും താമസിക്കുക എന്നാണ് പഠനങ്ങള്‍ പറയുന്നത്. വികസ്വര രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര സഹകരണം വര്‍ദ്ധിപ്പിക്കുന്നത് വഴി സുനാമി അപകടസാദ്ധ്യതയുള്ള 100 ശതമാനം വിഭാഗങ്ങളും 2030 ഓടെ സുനാമിയെ നേരിടാൻ പ്രതിരോധശേഷിയുള്ളവരായി തീരുമെന്നും കണക്കാക്കപ്പെുന്നു. 2015 ഡിസംബര്‍ മുതല്‍ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ നവംബര്‍ അഞ്ച് ലോക സുനാമി അവബോധ ദിനമായി ആചരിച്ച്‌ വരുന്നുണ്ട്. താഴ്ന്ന തീരപ്രദേശങ്ങളിലും ചെറിയ ദ്വീപുകളിലും താമസിക്കുന്ന 700 ദശലക്ഷക്കണക്കിന് ആളുകള്‍ക്കിടയില്‍ സുനാമിയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയാണ് ആ ദിനത്തിന്റെ അടിസ്ഥാന ലക്ഷ്യം.

2004 ഡിസംബര്‍ 26ന് ആയിരുന്നു മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഭൂകമ്ബമായി സുനാമി 14 രാജ്യങ്ങളിലേക്ക് കടന്നെത്തിയത്. റിക്ടര്‍ സ്‌കെയിലില്‍ 8.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം 2,27,898 ഓളം പേരുടെ ജീവൻ കവര്‍ന്നു. കൂറ്റൻ മരങ്ങളെയും കെട്ടിടങ്ങളെയും വിഴുങ്ങി. ഇന്ത്യയില്‍ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്രാപ്രദേശ്, പുതുച്ചേരി, ആൻഡമാൻ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങിയ തെക്കൻ തീരങ്ങളില്‍ വലിയ നാശം വിതച്ചു. ഇന്ത്യയില്‍ 16,000 ജീവനുകളാണ് സുനാമി കവര്‍ന്നത്. തമിഴ്നാട്ടില്‍ മാത്രം 7,000ത്തിലധികം ആളുകള്‍ മരണപ്പെട്ടു. കേരളത്തില്‍ 236 പേരാണ് ചേതനയറ്റത്. കേരളത്തില്‍ ആലപ്പുഴ, കൊല്ലം ജില്ലകളിലായിരുന്നു ഏറ്റവും കൂടുതല്‍ നാശനഷ്ടം. ആലപ്പാട് മുതല്‍ മുഴീക്കല്‍ വരെ എട്ട് കിലോമീറ്റര്‍ തീരം കടലെടുത്തു. 3,000ത്തിലധികം വീടുകള്‍ തകര്‍ന്നു.

വര്‍ഷങ്ങള്‍ പിന്നിട്ടെങ്കിലും ആ ഭീമൻ ദുരന്തം സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും പല രാജ്യങ്ങളും ഇനിയും മുക്തരായിട്ടില്ല. നിരവധി പേര്‍ അന്നത്തെ ദുരന്തത്തിന്റെ നെഞ്ചിടിപ്പും പേറി ജീവിക്കുന്നുണ്ട്. സമുദ്രത്തിനടിയില്‍ ശക്തമായ ഭൂകമ്ബം സംഭവിക്കുമ്ബോഴാണ് സുനാമി ഉണ്ടാകുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 6.5 തീവ്രതയെങ്കിലുമുള്ള ഭൂകമ്ബമാണ് സുനാമിക്ക് കാരണമാവുന്നത്. തീരപ്രദേശത്ത് സംഭവിക്കുന്ന ഉരുള്‍പൊട്ടല്‍ വലിയ അളവില്‍ വെള്ളം കടലിലേക്ക് ഒഴുകാൻ കാരണമാകുന്നു. ഇത് കടലിനെ അസ്വസ്ഥമാക്കുന്നതിനാല്‍ സുനാമിക്ക് കാരണമാകുന്നു. മാത്രമല്ല, വെള്ളത്തിനടിയിലെ മണ്ണിടിച്ചിലും സുനാമിക്ക് കാരണമാകുന്നുണ്ട്.

സുനാമി തിരമാലകള്‍ തീരപ്രദേശത്തെ ആക്രമിക്കുകയും മണിക്കൂറുകളോളം അപകടമുണ്ടാക്കുകയും ചെയ്യുന്നു. ഓരോ അഞ്ച് മുതല്‍ 60 മിനിറ്റിലും തിരമാലകള്‍ വന്ന് കൊണ്ടിരിക്കും. സുനാമിയുടെ ആദ്യ തിരമാലകളായിരിക്കില്ല ഏറ്റവും വലുത്. പലപ്പോഴും രണ്ടാമത്തെയോ മൂന്നാമത്തെയോ അതിന് ശേഷമുള്ളതോ ആയിരിക്കാം വലിയ തിരമാലകള്‍. ഒരു തിരമാലയ്ക്ക് ശേഷം കടല്‍ പിന്നോട്ട് വലിയുകയും ഒരാള്‍ക്ക് വെള്ളം കാണാൻ കഴിയാത്ത തരത്തില്‍ കടല്‍ പിന്നോട്ട് നീങ്ങുകയും ചെയ്യും. അടുത്ത തിരമാല മിനിറ്റുകള്‍ക്കുള്ളില്‍ കരയിലേക്ക് ആഞ്ഞടിക്കും.

ഒരു സുനാമിത്തിരയുടെ ഉയരം ഉള്‍ക്കടലില്‍ സാധാരണ ഗതിയില്‍ ഒരു മീറ്ററില്‍ താഴെയായിരിക്കും. അതിനാല്‍, കപ്പലുകളില്‍ യാത്ര ചെയ്യുന്നവര്‍ സുനാമി കടന്ന് പോകുന്നത് അറിയില്ല. സുനാമിയുടെ ഏകദേശ വേഗത മണിക്കൂറില്‍ 500 മൈല്‍ വരും. കരയോട് അടുക്കും തോറും ആഴം കുറയും. അതിനാല്‍, സുനാമിയുടെ വേഗത ഗണ്യമായി കുറയുകയും ചെയ്യും. അത്തരത്തില്‍ വേഗവും തരംഗ ദൈര്‍ഘ്യവും കുറയുന്നതോടെ തിരകളുടെ നീളം കുറുകി ഉയരം കൂടാൻ തുടങ്ങുന്നു. കാലാവസ്ഥാ നിരീക്ഷണ ഏജൻസിയുടെ സുനാമി മുന്നറിയിപ്പിന് പിന്നാലെ ജപ്പാനില്‍ ഭരണകൂടം കഴിഞ്ഞ മാസം ജാഗ്രത ശക്തമാക്കിയിരുന്നു. ടോക്കിയോയുടെ തെക്ക് രണ്ട് ദ്വീപുകള്‍ക്ക് പുറമെ പസഫിക്ക് സമുദ്രത്തിലെ തീരപ്രദേശങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഭൂകമ്ബം ഉണ്ടാകുമ്ബോള്‍ തിരമാലകള്‍ കരയിലെത്താൻ എത്ര സമയമെടുക്കുമെന്നത് സുനാമിയുടെ തരത്തെ ആശ്രയിച്ചിരിക്കും. ലോക്കല്‍ അല്ലെങ്കില്‍ പ്രഭവ കേന്ദ്രത്തിന് സമീപം എന്ന് വിളിക്കുന്നവയാണ് ഇതിലൊന്ന്. ഇവ തീരത്ത് എത്തിച്ചേരാൻ കുറച്ച്‌ മിനിറ്റുകള്‍ മാത്രമെ വേണ്ടിവരൂ. വിദൂര പ്രഭവ കേന്ദ്രമാണ് രണ്ടാമത്തേത്. 100 കണക്കിന് മൈലുകള്‍ അകലെയുള്ള ഭൂകമ്ബം മൂലമാണ് ഇവ രൂപപ്പെടുന്നത്. ഇവ തീരപ്രദേശങ്ങളിലെത്താൻ മൂന്ന് മുതല്‍ 22 മണിക്കൂര്‍ വരെ സമയമെടുക്കും. തീരദേശ രേഖ കുറയുക, കടലില്‍ നിന്ന് ഒരു വലിയ അലര്‍ച്ച അനുഭവപ്പെടുക എന്നിവ അനുഭവപ്പെട്ടാല്‍ തീരം വിട്ട് കഴിയുന്നത്ര ഉയരത്തില്‍ കയറാൻ ശ്രമിക്കണം. മാത്രമല്ല, ഉള്‍നാടുകളിലേക്ക് എത്രയും പെട്ടെന്ന് പോകണം. വരും നാളുകളില്‍ സുനാമി അപകടങ്ങള്‍ ഉണ്ടാകുമെന്നുള്ള മുന്നിറിയിപ്പുകള്‍ പല കോണുകളില്‍ നിന്നായി എത്തുമ്ബോള്‍ സര്‍ക്കാരുകള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ അവഗണിക്കരുത്. കരുതലാണ് വേണ്ടത്. നിലവിലെ ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ പെട്ടെന്ന് മുന്നറിയിപ്പ് നല്‍കാനുള്ള കാര്യങ്ങള്‍ ചെയ്യുമ്ബോള്‍ അതിനെ പ്രോത്സാഹിപ്പിക്കുകയും അതിനോട് സഹകരിക്കുകയുമാണ് വേണ്ടത്. ഇനിയും ഇത്തരം ദുരന്തങ്ങളുണ്ടാവാതെ നമുക്ക് ഒരുമിച്ച്‌ മുന്നേറാം.

Related Articles

Back to top button