LatestThiruvananthapuram

തലമുടിക്ക് ഇനി പൊന്നുംവില

“Manju”

തിരുവനന്തപുരം: വെട്ടിക്കളയുന്ന തലമുടിക്കും പൊന്നിന്‍ വില. ജൈവവളമായി ഉപയോഗിക്കാവുന്ന അമിനോ ആസിഡ്, മുടിയില്‍ നിന്ന് ഉണ്ടാക്കുന്ന പ്ലാന്റ് അടുത്ത വര്‍ഷം പ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ നാടുകാണിയിലെ ‘വിരാട്’ എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് എട്ട് കോടി ചെലവില്‍ പ്ലാന്റ് നിര്‍മ്മിക്കുന്നത്. ആദ്യഘട്ടത്തിന്റെ മെഷീന്‍ വാങ്ങാന്‍ 37 ലക്ഷം രൂപ ഓസ്ട്രേലിയന്‍ കമ്പനിക്ക് കൈമാറി.

സംസ്ഥാനത്ത് ആദ്യത്തെയും രാജ്യത്തെ രണ്ടാമത്തെയും സംരംഭമാണിത്. പൂനെയിലെ പ്ലാന്റില്‍ വര്‍ഷം 200 കോടിയുടെ അമിനോ ആസിഡ് വില്പനയാണ് നടക്കുന്നത്. ഹരിത കേരള മിഷനും ശുചിത്വ മിഷനും ചേര്‍ന്നാണ് പദ്ധതിയുടെ ഏകോപനം. ബാ‌ബര്‍ ഷോപ്പുകളിലെയും ബ്യൂട്ടി പാര്‍ലറുകളിലെയും മുടി ജില്ലാടിസ്ഥാനത്തില്‍ ശേഖരിച്ച്‌ ഇവിടെ എത്തിച്ച്‌ സംസ്‌കരിക്കും.

മുടിയുടെ പ്രധാന ഘടകമായ ‘കെരാട്ടിന്‍’ എന്ന പ്രോട്ടീന്‍ വേര്‍തിരിച്ചാണ് നിര്‍മ്മാണം. കെരാട്ടിനില്‍ 18 അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. 400 ഡിഗ്രിയില്‍ മുടി ചൂടാക്കും. ഇത് വെള്ളവുമായി ചേര്‍ക്കും. അപ്പോള്‍ പെപ്റ്റൈഡ് ദ്രാവകം ഉണ്ടാകും. അത് മൂന്ന് തരത്തിലുള്ള രാസപ്രവര്‍ത്തനത്തിലൂടെ അമിനോ ആസിഡ് ആക്കി മാറ്റും. ഒരു കിലോ മുടിയില്‍ നിന്ന് ഒരു ലിറ്റര്‍ വരെ അമിനോ ആസിഡ് നിര്‍മ്മിക്കാം. ലിറ്ററിന് 300 – 400 രൂപയാണ് വില.

അമിനോ ആസിഡ് കാര്‍ഷിക വളമാണ്. വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ക്കും ചെടികള്‍ക്കും തളിക്കാം. മണ്ണില്ലാതെ വെള്ളത്തില്‍ ജൈവകൃഷി നടത്തുമ്പോള്‍ വളമായും അമിനോ ആസിഡ് ഉപയോഗിക്കാം. മുടി സംസ്‌കരിച്ചുണ്ടാകുന്ന കരിയും വളമാണ്. ഗള്‍ഫിലും യൂറോപ്പിലും പദ്ധതി വിജയമാണ്.

Related Articles

Back to top button