InternationalLatest

കെയ്‌റോയില്‍ നിന്ന് 2500 വര്‍ഷം പഴക്കമുള്ള രണ്ടു കല്ലറകള്‍ കണ്ടെത്തി

“Manju”

ബഹ്‌നാസ : കെയ്റോയ്ക്ക് 220 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന എല്‍ ബഹ്‌നാസ എന്ന പുരാവസ്തു മേഖലയില്‍ 2500 വര്‍ഷം പഴക്കമുള്ള രണ്ടു കല്ലറകള്‍ കണ്ടെത്തി.
ഇതില്‍ നിന്നും ഒരു പുരുഷന്റെയും സ്ത്രീയുടെയും മമ്മിവത്കരിക്കപ്പെട്ട രൂപങ്ങള്‍ ലഭിച്ചു. എന്നാല്‍ മറ്റൊരു പ്രത്യേകത കൂടി ഇവയ്ക്കുണ്ടായിരുന്നു. ഇരുവരുടെയും നാവ് സ്വര്‍ണം കൊണ്ടു പൊതിഞ്ഞതായിരുന്നു.
സ്പാനിഷ് പുരാവസ്തു മിഷനാണ് ഗവേഷണവും പര്യവേക്ഷണവും നടത്തിയത്. ഈജിപ്തിന്റെ പുരാവസ്തു മന്ത്രാലയമാണ് വാര്‍ത്ത പുറത്തുവിട്ടത്. 525 ബിസി വരെ ഈജിപ്ത് ഭരിച്ച സൈറ്റ് സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണു മമ്മികളെന്നും പുരാവസ്തുവിദഗ്ധര്‍ പറയുന്നു.
പൂര്‍ണമായും അടച്ചു ബന്ധവസ്സാക്കപ്പെട്ട നിലയിലാണ് പുരുഷ മമ്മിയുടെ കല്ലറ കാണപ്പെട്ടത്. ഇതു തികച്ചും അപൂര്‍വമാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
കല്ലറയ്ക്കുള്ളില്‍ 4 ഭരണികളും ലോക്കറ്റുകളും അനേകം രൂപങ്ങളും ഉണ്ടായിരുന്നു. എന്നാല്‍ സ്ത്രീ മമ്മിയുടെ കല്ലറ അടുത്തകാലത്ത് എപ്പോഴോ തുറക്കപ്പെട്ടിരുന്നെന്നും അത്ര നല്ല നിലല്ലായിരുന്നെന്നും പര്യവേക്ഷകര്‍ പറയുന്നു.
കല്ലറകളില്‍ നിന്നായി മൂന്നു സ്വര്‍ണനാക്കുകളും കണ്ടെത്തി. ഒരു സ്വര്‍ണനാക്ക് പുരുഷമമ്മിയിലും ഒരു നാക്ക് സ്ത്രീ മമ്മിയിലുമാണു കാണപ്പെട്ടത്. ഒരു ചെറിയ നാക്കുകൂടിയുണ്ടായിരുന്നു. ഇതു മൂന്നു വയസ്സുള്ള ഒരു കുട്ടിയുടെ മൃതശരീരത്തിനൊപ്പമുള്ളതാണെന്നാണു ഗവേഷകര്‍ പറയുന്നത്.
മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന സമൂഹമാണു പൗരാണിക ഈജിപ്ഷ്യന്‍ ജനത. മരണത്തിനു ശേഷം ആത്മാവ് അധോലോകത്തിലെത്തുമെന്നായിരുന്നു അവരുടെ വിശ്വാസം.
അവിടെയെത്തിയാല്‍ മരണാനന്തര ജീവിതത്തിന്റെ ദേവതയായ ഒസിരിസുമായി ആത്മാവിനു സംസാരിക്കാനാണു സ്വര്‍ണനാക്കുകള്‍ വച്ചിരുന്നതെന്ന് വിദഗ്ധര്‍ സംശയിക്കുന്നു.

Related Articles

Back to top button