Latest

നന്മ ഡോക്ടർസ് ഡെസ്ക്.

“Manju”

 

അജ്ഞാത ഉറവിടങ്ങളിൽ നിന്ന് പലർക്കും കോവിഡ് രോഗം ബാധിക്കുന്ന അവസ്ഥയിൽ തിരുവനന്തപുരം നഗരസഭ കൺടൈന്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്ന പ്രസ്തുത പ്രദേശത്തു വിവിധ രോഗങ്ങൾ കൊണ്ട് പ്രയാസപ്പെടുന്നവർക്കു ഓൺലൈൻ വഴി ഡോക്ടർമാരുടെ സൗജന്യ സേവനം ഉറപ്പാക്കുന്നതിന് നന്മ ഫൗണ്ടേഷനും കേരളാ പോലീസും ചേർന്നൊരുക്കുന്ന സംരംഭമാണ് ‘നൻമ ഡോക്ടർസ് ഡെസ്ക്’. ശാരീരിക – മാനസികാരോഗ്യ പ്രശ്നങ്ങളിൽ ശാസ്ത്രീയമായ ഉപദേശ നിർദ്ദേശങ്ങൾ വിദഗ്ധരായ ഡോക്ടർമാരുടെ സഹായത്തോടെ ലഭ്യമാക്കുക എന്നതാണ് ഹെൽപ്‌ഡെസ്‌കിന്റെ പ്രധാന ഉദ്ദേശം.

വാട്സാപ്പ് മെസ്സേജ് അയച്ചോ ഫോൺ വിളിച്ചോ ഹെൽപ്‌ഡെസ്‌കിനെ ബന്ധപ്പെടുന്നതിനു 9539258000 എന്ന ഹെല്പ്ലൈൻ നമ്പർ സജ്ജമാക്കിയിട്ടുണ്ട്.ഹെല്പ് ലൈൻ നമ്പറിൽ ബന്ധപ്പെടുന്നവരുടെ മെഡിക്കൽ ആവശ്യങ്ങൾ സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യും. തുടർന്നു രോഗികൾ ബന്ധപ്പെടേണ്ട ഡോക്ടറുടെ വിശദാംശങ്ങളും ടെലി കൺസൾറ്റേഷന്റെ സമയവും രീതിയും ഹെൽപ്‌ഡെസ്‌ക് വോളന്റിയർമാർ രോഗികളെ അറിയിക്കും.

കൺസൾറ്റേഷനു ശേഷം ഡോക്ടർ നിർദ്ദേശിക്കുന്ന മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽ പോയി വാങ്ങാൻ സാധിക്കാത്തവർക്ക്‌ രോഗിയുടെ പേരും, സ്ഥലവും, ഫോൺ നമ്പറും മറ്റു വിവരങ്ങളും അടക്കം ഹെല്പ്ലൈൻ നമ്പറിലേക്ക് വാട്സാപ്പ് മെസ്സേജ് അയക്കാവുന്നതാണ്. ഇവ പോലീസിന്റെയും നന്മ സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ എത്തിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.

നന്മ ഡോക്ടർസ് ഡെസ്കിന്റെ സേവനം ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരസഭാ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മാത്രമായിരിക്കും.

നന്മ ഡോക്ടർസ് ഡെസ്ക് എന്ന നൂതന സംരംഭത്തിനു തുടക്കം കുറിച്ച നന്മ ഫൗണ്ടേഷന് സാമൂഹ്യപ്രവർത്തനരംഗത്ത് 10 വർഷത്തിലേറെ പരിചയസമ്പത്തുണ്ട്. പോലീസ് ഐ ജി പി വിജയൻ ഐ പി എസിന്റെ ഉപദേശ നിർദേശങ്ങൾ സ്വീകരിച്ചാണ് നന്മ ഫൗണ്ടേഷൻ വിവിധ സാമൂഹിക പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നത്. നിലവിൽ കൺടൈന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുള്ള പൊന്നാനി താലൂക്ക്പോലുള്ള പ്രദേശങ്ങളിലും നന്മ ഡോക്ടർസ് ഡെസ്ക് പ്രവർത്തിച്ചു വരുന്നുണ്ട്.

നോവൽ കൊറോണവൈറസ് മഹമാരിയുടെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്ന പ്രവാസി സുഹൃത്തുക്കൾക്കായി നന്മ ഫൗണ്ടേഷൻ ആരംഭിച്ച നന്മ പ്രവാസി ഹെൽപ്‌ഡെസ്‌ക് ആയിരങ്ങൾക്കാണ് തുണയായത്. മെഡിക്കൽ വിദ്യാർത്ഥികൾ ഉളപ്പടെയുള്ള സന്നദ്ധപ്രവർത്തകരുടെയും 40 ഓളം വിദഗ്ധ ഡോക്ടർമാരുടെയും സഹായത്തോടെ 8000 ത്തോളം കോളുകളാണ് പ്രവാസി ഹെൽപ്‌ഡെസ്‌ക് രജിസ്റ്റർ ചെയ്തു ആവശ്യമായ ഇടപെടലുകൾ നടത്തിയത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ കേരളാ പോലീസും മറ്റു ഏജൻസികളുമായി സഹകരിച്ചു നന്മ നടപ്പിലാക്കിയ ഒരു വയറൂട്ടാം, ഒരു വിശപ്പടക്കാം പദ്ധതി വഴി 8 ലക്ഷത്തോളം ഭക്ഷണ പൊതികൾ കേരളത്തിലാകെ വിതരണം ചെയ്തു.

Related Articles

Back to top button