India

യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച 200 കല്ല്യാണി എം4 വാഹനങ്ങൾക്ക് ഓർഡർ നൽകി സൈന്യം

“Manju”

ന്യൂഡൽഹി: ആത്മനിർഭർ ഭാരത് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശയത്തിന് ശക്തമായ പിന്തുണ നൽകി ഇന്ത്യൻ സൈന്യം. ഇതിന്റെ ഭാഗമായി ഇന്ത്യൻ കമ്പനിയായ ഭാരത് ഫോർജ് ലിമിറ്റഡിൽ നിന്നും 200 കല്യാണി എം4 വാഹനങ്ങൾ വാങ്ങാൻ സൈന്യം ഓർഡർ നൽകി. 177.95 കോടി രൂപയുടെ ഓർഡറാണ് നൽകിയിരിക്കുന്നത്.

യുദ്ധോപകരണങ്ങൾ ഘടിപ്പിച്ച വാഹനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കാനായി അന്താരാഷ്ട്ര കമ്പനിയായ പാരാമൗണ്ട് ഗ്രൂപ്പുമായി പങ്കാളിത്തം ആരംഭിച്ചെന്ന് ഭാരത് ഫോർജ് ലിമിറ്റഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മൈനും ഐഇഡി ഭീഷണികളുമുള്ള ദുർഘടമായ മേഖലകളിൽ ഉപയോഗിക്കാൻ കഴിയുന്നവയാണ് കല്യാണി എം4 വാഹനങ്ങൾ. ഇന്ത്യൻ സൈന്യത്തിന്റെ ഓർഡർ ലഭിച്ചതിന് പിന്നാലെ കമ്പനിയുടെ ഷെയറിന്റെ വിലയിൽ 3.5 ശതമാനത്തിന്റെ വർധനവ് ഉണ്ടായി.

ഉയരങ്ങളിൽ നിന്നുള്ള യുദ്ധത്തിന് ഉപയോഗിക്കാവുന്ന വാഹനങ്ങൾക്കാണ് സൈന്യം ഓർഡർ നൽകിയത്. അതിർത്തിയിൽ സേനാ പിൻമാറ്റം തുടരുമ്പോഴും ഭാവിയിൽ ചൈനയിൽ നിന്നും സമാനമായ രീതിയിൽ പ്രകോപനം ഉണ്ടായേക്കാമെന്നാണ് സൈന്യത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ അടിയന്തിരമായി വാഹനങ്ങൾ ലഭ്യമാക്കണമെന്ന് സൈന്യം കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവ ലഭിച്ചാൽ ഉടൻ തന്നെ അതിർത്തിയിലെ ഉയർന്ന മേഖലകളിൽ വാഹനങ്ങളെ വിന്യസിക്കും. എന്നാൽ ഏതൊക്കെ മേഖലകളിലാകും ഇവയെ വിന്യസിക്കുക എന്ന കാര്യത്തിൽ വ്യക്തതയില്ല.

ചർച്ചകളുടെ ഭാഗമായി പാംഗോങ് സോ തടാകത്തിന്റെ വടക്ക്-തെക്കൻ തീരങ്ങളിൽ നിന്നും സേനാ പിന്മാറ്റം പൂർത്തിയായി കഴിഞ്ഞു. പാംഗോങിലെ പിന്മാറ്റം 10 മാസം നീണ്ടുനിന്ന സംഘർഷങ്ങൾക്ക് വിരാമമിട്ടെന്നാണ് വിലയിരുത്തൽ. ഗോഗ്ര ഹോട്ട് സ്പിംഗ്‌സ്, ഡെപ്‌സങ് എന്നിവിടങ്ങളിൽ നിന്നുള്ള സേനാ പിന്മാറ്റത്തിനായി 10-ാം ഘട്ട ചർച്ച ഉടൻ നടക്കും.

Related Articles

Back to top button