IndiaLatest

ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി

“Manju”

ദില്ലി: പെട്രോള്‍ എന്‍ജിനുകളുടെ ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഡീസല്‍ വാഹനങ്ങളുടെ നിര്‍മ്മാണം അവസാനിപ്പിക്കാനൊരുങ്ങി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. കഴിഞ്ഞ ദിവസം അരങ്ങേറിയ 2021 സെലേറിയൊയിലൂടെ മാരുതി സുസുക്കി കെ 10 – സി എന്ന പുത്തന്‍ പെട്രോള്‍ എന്‍ജിനും അവതരിപ്പിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയേറിയ പെട്രോള്‍ കാര്‍ എന്ന വിശേഷണവുമായി എത്തിയ ഈ സെലേറിയൊ, ഓരോ ലീറ്റര്‍ ഇന്ധനത്തിലും 26.68 കിലോമീറ്റര്‍ ഓടുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍ എന്‍ജിനുകള്‍ക്കു ഭാവിയില്‍ കാര്യമായ സാധ്യതയില്ലെന്നാണു മാരുതി സുസുക്കിയുടെ വിലയിരുത്തല്‍. 2023ല്‍ മലിനീകരണ നിയന്ത്രണ നിലവാരത്തിലെ അടുത്ത ഘട്ടം നടപ്പാവുന്നതോടെ ഡീസല്‍ വാഹനങ്ങളുടെ വില്‍പന വീണ്ടും ഇടിയുമെന്നും കമ്പനി ചീഫ് ടെക്‌നിക്കല്‍ ഓഫിസര്‍ സി വി രാമന്‍ പറയുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ പെട്രോള്‍ കാറുകളോടുള്ള ആഭിമുഖ്യം പ്രകടമായും ഉയര്‍ന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഭാവിയില്‍ ഡീസല്‍ വിഭാഗത്തില്‍ മത്സരിക്കേണ്ട എന്ന നിലപാടിലാണ് മാരുതി സുസുക്കി എത്തിയിട്ടുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.

മലിനീകരണ നിയന്ത്രണ നിലവാരം 2023 മുതല്‍ കൂടുതല്‍ കര്‍ശനമാവുമെന്നതാണു ഡീസലിനോടു വിട പറയാനുള്ള പ്രധാന കാരണമായി മാരുതി സുസുക്കി അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിനുകളില്‍ ഈ പുതിയ നിലവാരം കൈവരിക്കാന്‍ ചെലവേറുമെന്നു സി വി രാമന്‍ വെളിപ്പെടുത്തുന്നു. വില ഇനിയും ഉയരുന്നത് ഡീസല്‍ മോഡലുകളുടെ വില്‍പ്പനയ്ക്ക് കൂടുതല്‍ തിരിച്ചടി സൃഷ്ടിക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു. സാഹചര്യം കൂടുതല്‍ പ്രതികൂലമാവുമെന്നതിനാല്‍ ഡീസല്‍ വിഭാഗത്തില്‍ പങ്കാളിത്തം വേണ്ടെന്ന നിലപാടിലാണ് മാരുതി സുസുക്കി.

Related Articles

Back to top button