KeralaLatestThiruvananthapuram

50 പവനുമായി മോഹനന്‍ മറഞ്ഞിട്ട്‌ 35 ദിവസം

“Manju”

തിരുവനന്തപുരം: തിരക്കേറിയ പേരൂർക്കട–നെടുമങ്ങാട് റോഡിൽനിന്ന് 50 പവൻ സ്വർണവും 62,000 രൂപയുമായി സ്കൂട്ടറുൾപ്പെടെ ഒരാളെ കാണാതായി 35 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലാത്തതിൽ ആശങ്കയുമായി കുടുംബം. ബാങ്കിൽനിന്ന് പണവും സ്വർണവുമായി ഇറങ്ങിയ കുളപ്പട സുവർണ നഗർ ഏഥൻസിൽ കെ.മോഹനനെയാണ് (58) കാണാതായത്.

35 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ ഒരു പുരോഗതിയുമില്ല. കരകുളം പഞ്ചായത്ത് ഓഫിസിന് എതിർവശത്തെ കടയുടെ സിസിടിവി ദൃശ്യങ്ങളിൽവരെ മോഹനന്റെ സ്കൂട്ടർ യാത്ര വ്യക്തം. പിന്നാലെ ഉണ്ടായിരുന്ന ഓട്ടോക്കാരനും അതുവരെ അയാളെ കണ്ടു. പിന്നീട് ഒരു വിവരവുമില്ല. റോഡിൽനിന്ന് പട്ടാപകൽ ഒരാളെ സ്കൂട്ടറുൾപ്പെടെ കാണാതായിട്ടും ഒരു വിവരവും ലഭിക്കാത്ത സംഭവം പൊലീസിന്‍റെ അന്വേഷണ ചരിത്രത്തിലും ഇതാദ്യം.

മോഹനന് ശത്രുക്കളില്ലെന്ന് ബന്ധുക്കൾ പറയുന്നു. സാമ്പത്തിക ബാധ്യതയുമില്ല. ലോക്ഡൗണ്‍ കാലത്ത് ബാങ്കിലേക്ക് കൊണ്ടുപോകുന്ന സ്വർണം കുറവായിരുന്നു. മുൻപ് ഇതിനേക്കാൾ അളവ് സ്വര്‍ണം കൊണ്ടു പോയിരുന്നതായും ബന്ധുക്കൾ വ്യക്തമാക്കുന്നു. ഭാര്യയുടെ സഹോദരൻ നടത്തുന്ന ധനകാര്യസ്ഥാപനത്തിലാണ് 13 വർഷമായി ജോലി ചെയ്യുന്നത്.

സ്വർണം പേരൂർക്കട സർവീസ് സഹകരണ ബാങ്കിൽ കൊണ്ടുപോയി പണയും വയ്ക്കുന്നതും തിരികെ എടുക്കുന്നതും വർഷങ്ങളായി മോഹനനാണ്. പതിവുപോലെ മേയ് 8ന് ബാങ്കിൽ പോയി തിരികെ വരുന്നതിനിടയിലാണ് വാഹനവുമായി അപ്രത്യക്ഷനാകുന്നത്. പേരൂർക്കട– നെടുമങ്ങാട് റോഡിൽ കരകുളം പഞ്ചായത്ത് ഓഫിസിനു സമീപം വരെ മോഹനൻ എത്തിയതായി തെളിവ് ലഭിച്ചു.

കരകുളം അഴീക്കോടീന് അടുത്ത് ഇഷ്ടിക കമ്പനിയുടെ സമീപത്തെ കടയിലെ സിസിടിവികളിൽ പകൽ 11.02ന് മോഹനൻ സ്കൂട്ടറിൽ കടന്നുപോയതായി കാണുന്നുണ്ട്. എന്നാൽ പോകുന്ന വഴിയിൽ അരുവിക്കര, മുണ്ടേല ഭാഗത്തെ കടകളിലെ സിസിടിവി ദൃശ്യങ്ങളിൽ മോഹനന്റെ യാത്ര ഇല്ല. സിസിടിവിയിൽ മോഹനന്റെ സ്കൂട്ടറിന് പിന്നാലെ വന്ന ഓട്ടോറിക്ഷ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തിരുന്നു. മോഹനനന്റെ വാഹനം മുന്നിൽപോയതായി ഓർക്കുന്നുണ്ടെന്നും കടയിൽ കയറിയതിനാൽ വാഹനത്തെ പിന്നീട് കണ്ടില്ലെന്നുമാണ് ഓട്ടോക്കാരന്റെ മൊഴി.

ലോക്ഡൗൺ കാലമായതിനാൽ തട്ടികൊണ്ടുപോകൽ സാധ്യത കുറവാണെന്ന നിഗമനത്തിലാണ് പൊലീസ്. സ്കൂട്ടറുൾപ്പെടെ കാണാതായത് ഈ സാധ്യതയെ ബലപ്പെടുത്തുന്നു. മോഹനന്റെ മൊബൈൽ അവസാനം പ്രവർത്തിച്ചത് കരകുളത്തുവച്ചാണ്. നാട്ടിൽനിന്ന് മാറിനിൽക്കേണ്ട സാഹചര്യവും അന്വേഷണത്തിൽ കണ്ടെത്താനായില്ല. മാറി നിന്നാലും ഇതിനോടകം ആരെയെങ്കിലും ബന്ധപ്പെടേണ്ട സമയം കഴിഞ്ഞു.

മൊബൈൽ രേഖകൾ ഇതിന്റെ സൂചനകൾ നൽകുന്നില്ല. ആരെങ്കിലും അപായപ്പെടുത്തിയെങ്കിൽ അതിന്‍റെ സൂചനകളും ലഭിക്കേണ്ട സമയം കഴിഞ്ഞു. സൈബർ തെളിവുകൾ ഒന്നും ലഭിക്കാത്തതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. ഇതിനിടെ കേസ് അന്വേഷിച്ചിരുന്ന നെടുമങ്ങാട് ഡിവൈഎസ്പി മാറി പകരം ആളെത്തി. മോഹനനെക്കുറിച്ചുള്ള വിവരം നൽകുന്നവര്‍ക്ക് 1 ലക്ഷംരൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button