KeralaLatestThrissur

സൈനികന്‍ പ്രദീപിന്റെ കുടുംബത്തിന് താങ്ങായി സംസ്ഥാന സര്‍ക്കാര്‍

“Manju”

തൃശൂര്‍: കൂനൂ‌ര്‍ ഹെലികോപ്‌റ്റര്‍ ദുരന്തത്തില്‍ മരണമടഞ്ഞ വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് കുമാറിന്റെ കുടുംബത്തിന് സഹായവുമായി സംസ്ഥാന സര്‍ക്കാര്‍. പ്രദീപിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും. പ്രദീപിന്റെ അച്ഛന്റെ ചികിത്സയ്‌ക്കായി മൂന്ന് ലക്ഷം രൂപയും സര്‍ക്കാര്‍ നല്‍കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.

പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്‌മിയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. 2018ല്‍ പ്രളയകാലത്തുള്‍പ്പടെ കേരളത്തിന് പ്രദീപ് നല്‍കിയ സേവനത്തെ സംസ്ഥാന സര്‍ക്കാര്‍ സ്‌നേഹത്തോടെ ഓര്‍ക്കുന്നു. യുദ്ധകാലത്തോ യുദ്ധസമാനമായ സാഹചര്യത്തിലോ മരിക്കുന്ന സൈനികരുടെ ആശ്രിതര്‍ക്കാണ് സ‌ര്‍ക്കാര്‍ സാധാരണ ജോലി നല്‍കുക. എന്നാല്‍ ഇവിടെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ശ്രീലക്ഷ്മിയ്‌ക്ക് ജോലി നല്‍കുക. കുടുംബത്തിന്റെ അത്താണിയായിരുന്നു പ്രദീപ്.

സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അദ്ദേഹത്തിന്റെ പത്നി മധുലിക റാവത്ത് എന്നിവരോടൊപ്പം കൂനൂരിലെ ഹെലികോപ്‌റ്റര്‍ അപകടത്തിലാണ് വ്യോമസേന ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് കുമാര്‍ മരണമടഞ്ഞത്. അപകടം നടന്നയന്ന് 13 പേരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്രൂപ്പ് ക്യാപ്‌റ്റന്‍ വരുണ്‍ സിംഗ് (39) ഇന്ന് ബംഗളൂരുവിലെ ആശുപത്രിയില്‍ അന്തരിച്ചു.

Related Articles

Back to top button