Kerala

വയലാറിന്റെ വരികൾ കേട്ട് പി.ടിക്ക് അന്ത്യയാത്ര

‘ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി’; വയലാറിന്റെ വരികൾ കേട്ട് പി.ടിക്ക് അന്ത്യയാത്ര

“Manju”

കൊച്ചി: കോൺഗ്രസിലെ ഒറ്റയാന് കണ്ണീരോടെ വിട. നിലപാടുകളുടെ ഉറച്ച ഖദർരൂപമായിരുന്ന പി.ടി തോമസിനെ യാത്രയാക്കാനെത്തിയത് ആയിരങ്ങൾ. ഒരേ ശബ്ദത്തിൽ, തൊണ്ട ഇടറി, മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു കൊച്ചിയിലേക്ക് ഒഴുകിയെത്തിയ പാർട്ടി പ്രവർത്തകർ പിടിക്ക് വിട നൽകിയത്. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

പിടിയുടെ ആഗ്രഹം അനുസരിച്ച് മതപരമായ ചടങ്ങുകൾ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. മൃതദേഹം ചിതയിൽ അഗ്നിനാളങ്ങൾ ഏറ്റുവാങ്ങിയപ്പോൾ പിടിയുടെ പ്രിയപ്പെട്ട ഗാനം ചന്ദ്രകളഭം പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ടായിരുന്നു.

നിലപാടിന്റെ നായകനേ… നട്ടെല്ലുള്ളൊരു പോരാളി തുടങ്ങി പിടിയുടെ ആദർശവിശുദ്ധി ഉയർത്തിക്കാട്ടിയ മുദ്രാവാക്യങ്ങൾ രാവിലെ മുതൽ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം കൊച്ചിയിലെ രവിപുരം ശ്മശാനത്തിലായിരുന്നു സംസ്‌കാരം. അഞ്ചരയ്‌ക്കായിരുന്നു സംസ്‌കാര ചടങ്ങുകൾ നിശ്ചയിച്ചതെങ്കിലും അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ ബാഹുല്യത്തിൽ ഒരു മണിക്കൂർ വൈകിയാണ് ആരംഭിക്കാൻ കഴിഞ്ഞത്.

ഇടുക്കി ജില്ലയിലെ ഉപ്പുതോടുള്ള വസതിയിൽ നിന്നും പുലർച്ചെ പിടിയുടെ കർമ്മമണ്ഡലമായിരുന്ന കൊച്ചി പാലാരിവട്ടത്തെ വസതിയിലെത്തിച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ അപ്പോൾ മുതൽ കോൺഗ്രസ് പ്രവർത്തകരുടെയും സാധാരണക്കാരുടെയും ഒഴുക്കായിരുന്നു. മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് പലരും പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. പലപ്പോഴും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസും നേതാക്കളും പാടുപെട്ടു.

രാവിലെ ഡിസിസിയിലും ഠൗൺഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും സജ്ജീകരിച്ച പൊതുദർശന വേദികളിൽ പിടിക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയവരുടെ തിരക്കായിരുന്നു. കോൺഗ്രസിന്റെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ രാവിലെ മുതൽ മൃതദേഹത്തെയും വിലപയാത്രയെയും അനുഗമിച്ചു. രാഹുൽ ഗാന്ധി ടൗൺ ഹാളിലെത്തിയാണ് ആദരാഞ്ജലി അർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും വിവിധ രാഷ്‌ട്രീയ കക്ഷി നേതാക്കളും ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

 

Related Articles

Back to top button