IndiaLatest

2021 വിടവാങ്ങുമ്പോൾ

എല്ലാ ശാന്തിഗിരി ന്യൂസ് വായനക്കാർക്കും പുതുവത്സരാശംസകൾ

“Manju”

ഒരു വർഷം കൂടി വിടവാങ്ങുന്നു.  നഷ്ടപ്പെടലുകൾ എപ്പോഴും നൊമ്പരമാണ്.  2021 വേദനകൾ നിറഞ്ഞതായിരുന്നു.  എന്നിരുന്നാലും അത് മറയുമ്പോൾ വല്ലാത്ത ഒരു നൊമ്പരം ഉണ്ടാകും.  പുതിയ പ്രത്യാശകളും, പ്രതീക്ഷകളും ഒക്കെയായി പുതിയ ഒരു വർഷം വരുന്നതിന്റെ സന്തോഷവുമുണ്ട്.  2021 വർഷം 2020 ന്റെ തുടർച്ചയായിരുന്നു എന്ന് പറയാം.  2019 അവസാനം ലോകത്ത് വന്ന് 2020 ഉം 2021 ഉം പൂർണ്ണമായും ഭൂമിയെ കീഴടക്കിയ കൊറോണ വൈറസ് പുതിയ രൂപത്തിൽ ഭാവത്തിൽ വീണ്ടും വീണ്ടും ഞാനിവിടെത്തന്നെയുണ്ട് എന്ന് നമ്മെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡൽഹിയിലും വിദേശത്ത് പലരാജ്യങ്ങളിലും വീണ്ടും ലോക്ഡൗണിലേക്കും കർഫ്യൂവിലേക്കും കർശന നിയന്ത്രണങ്ങളിലേക്കും പോകുകയാണ്.  നമ്മുടെ കേരളത്തിലും കേസുകൾ ദിനംപ്രതി വർദ്ധിക്കുന്നുണ്ട്. പുതുവർഷത്തെ ഏതിരേൽക്കുമ്പോൾ രാത്രി 10 മണികഴിഞ്ഞ് ആഘോഷങ്ങൾ പാടില്ല എന്ന കർശന നിയന്ത്രണം ഗവൺമെന്റ് ഏർപ്പെടുത്തിയിരിക്കുന്നത് അതുകൊണ്ടാണ്.

യാത്രാമൊഴിയുമായി നിൽക്കുന്ന 2021 വളരെയധികം സംഭവബഹുലമായ ഒരു വർഷമായിരുന്നു.  സ്ത്രീധനത്തിന്റെ പേരിൽ, പ്രേമം സ്വീകരിക്കാത്തതിന്റെ പേരിൽ., സ്വീകരിക്കപ്പെട്ട പ്രേമം നഷ്ടപ്പെടുമെന്നതിന്റെ പേരിൽ ഒക്കെനിരവധി ജീവനുകളാണ് ഈ വർഷം പൊലിഞ്ഞത്. ആദർശങ്ങളുടെ പേരിൽ നടന്ന ജീവനെടുക്കലുകളും നിരവധിയാണ്.  കൂട്ടിക്കിഴിക്കലുകളിൽ നഷ്ടങ്ങളാണ് വലുത്.  നിരവധി കുടുംബങ്ങളാണ് അനാഥരായത്.  മദ്യവും മയക്കുമരുന്നും ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട വർഷവും 2021 ആണ്.  മോഡലുകളുടെ മരണം, പിതാവിനാലും സഹോദരനാലും പീഡിപ്പിക്കപ്പെട്ട കുരുന്നുകളുടെ കഥ, മറ്റ് വിവിധ രീതിയിൽ ജീവനും, ജീവിതവും നഷ്ടമായവരുടെ കഥ., കരിയിലക്കൂട്ടത്തിൽ സ്വന്തം രക്തത്തെ കാമുകനുവേണ്ടി ഉപേക്ഷിച്ച അമ്മയുടെ കഥ., തിരക്കഥയെ വെല്ലുന്ന സോഷ്യൽ മീഡിയത്തിരക്കഥകളിലൂടെ സ്ത്രീകളെ വലയിലാക്കിയും കുടുംബങ്ങൾ ശിഥിലമാക്കിയും കടന്നുപോയ വർഷം. വർഷാവസാനം മകളുടെ കാമുകനെ പിതാവ് കുത്തിക്കൊന്ന് ക്ലൈമാക്സ് തീർത്തിരിക്കുകയാണ്.  വാക്സിനേഷൻ യജ്ഞം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തി ഗവൺമെന്റുകൾ ജനത്തെ കാക്കാനൊരു ങ്ങിയെങ്കിലും രൂപപരിണാമം കൈക്കൊണ്ട് കീഴടങ്ങില്ലെന്ന് കൊറോണ പ്രഖ്യാപിച്ചതും ഈ വർഷാവസാനത്തിലാണ്.

ഓരോ പുതുവർഷവും നമുക്ക് പ്രത്യാശയുടേതാണ്.  നന്മയുടെതാണ്.., ഐശ്വര്യത്തിന്റേതാണ്.. ആ ആശംസകൾ മാത്രം നേരാം.

എല്ലാവർക്കും പുതുവർഷാശംസകൾ..

ഹാപ്പി ന്യൂ ഇയർ…2022

വിജയകുമാർ
ശാന്തിഗിരി ന്യൂസ്

 

 

 

Related Articles

Back to top button