IndiaLatest

ഒമിക്രോണ്‍ കുട്ടികളെ എങ്ങനെ ബാധിക്കുന്നു; വിദഗ്ദര്‍ പറയുന്നു

“Manju”

ന്യൂഡല്‍ഹി: കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയില്‍ അതിവേഗം വ്യാപിക്കുകയാണ്. മഹാരാഷ്‌ട്രയിലും, ഡല്‍ഹിയിലുമാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. കൊറോണയുടെ മൂന്നാം തരംഗം കുട്ടികളെയാണ് തീവ്രമായി ബാധിക്കാന്‍ സാധ്യതയുള്ളതെന്ന് ലോകാരോഗ്യ സംഘടന നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനാല്‍ തന്നെ ഒമിക്രോണ്‍ വ്യാപനത്തില്‍ മാതാപിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ 15 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചെങ്കിലും അതിന് താഴെ പ്രായമുള്ള കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചാണ് ഇപ്പോഴും ആശങ്ക നിലനില്‍ക്കുന്നത്. ഇതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവിദഗ്ദര്‍.
മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ദരുടെ പഠനപ്രകാരം, ഒമിക്രോണ്‍ കുട്ടികളെ ബാധിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യം നിലവിലില്ല. കുട്ടികള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് ഇതുവരെ രോഗം ഗുരുതരമായിട്ടില്ല. അവരുടെ ശരീരത്തിന് വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി സ്വാഭാവികമായി ലഭിച്ചിട്ടുണ്ട്. നേരിയ പനി, ചുമ എന്നിങ്ങനെയുള്ള ലക്ഷണങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് ഉണ്ടാവുന്നത് എന്നും വിദഗ്ദര്‍ വ്യക്തമാക്കി.
‘ചുമ, പനി, തൊണ്ട വേദന എന്നിവ സാധാരണ പനിയുടെ ലക്ഷണങ്ങളാണ്. കുട്ടികളില്‍ ഒമിക്രോണ്‍ ബാധിതരാകുന്നവര്‍ക്കും ഇതേ ലക്ഷണങ്ങളാണ് പ്രകടമാകുന്നത്. ഇത് തീവ്രമാകാനുള്ള സാധ്യത വളരെ കുറവാണ്. അതിനാല്‍ തന്നെ അവരുടെ ആരോഗ്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല. 15 വയസിന് താഴെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഇല്ലെങ്കിലും, അവര്‍ക്ക് പ്രതിരോധ ശേഷി ഉണ്ട്’ ആരോഗ്യ വിദഗ്ദര്‍ പറഞ്ഞു.
ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ രാജ്യത്ത് അതിവേഗം പടരുന്നുണ്ട്. മുതിര്‍ന്നവരില്‍ രോഗം ഗുരുതരമാകുന്നത് പോലെ കുട്ടികളില്‍ ഇത് ഗുരുതരമായി ബാധിക്കുന്നില്ല. എന്നിരുന്നാലും മാതാപിതാക്കള്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദഗ്ദര്‍ കൂട്ടിച്ചേര്‍ത്തു. സാമൂഹിക അകലം പാലിച്ചും, ശരിയായ രീതിയില്‍ മാസ്‌ക് ധരിച്ചും, കൈകള്‍ വൃത്തിയാക്കി വെച്ചും കുട്ടികളെ രോഗബാധയില്‍ നിന്നും രക്ഷിക്കാം. മുതിര്‍ന്നവര്‍ ചെയ്യുന്നത് കണ്ടാണ് കുട്ടികള്‍ എല്ലാം പഠിക്കുന്നത്. വീടുകളില്‍ നിന്ന് തന്നെ കൊറോണ മാനദണ്ഡങ്ങള്‍ കുട്ടികളെ ശീലിപ്പിക്കുക അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് മാതൃകയായി മാറുക. കൊറോണ മാനദണ്ഡങ്ങള്‍ പാലിച്ച്‌ അവര്‍ക്ക് വഴികാട്ടുക എന്നും വിദഗ്ദര്‍ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button