InternationalLatestSports

ഫിലിപ്പ് കുട്ടിന്യോ വീണ്ടും പ്രീമിയര്‍ ലീഗില്‍

“Manju”

ബ്രസീല്‍ മിഡ്ഫീല്‍ഡര്‍ ഫിലിപ്പ് കുട്ടിന്യോ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ആസ്റ്റന്‍ വില്ലയിലേക്ക്. ബാഴ്‌സലോണ താരമായ കുട്ടിന്യോ വായ്പാടിസ്ഥാനത്തിലാണ് വില്ലയിലേക്ക് കൂടുമാറുന്നത്.

2013 മുതല്‍ ആറു വര്‍ഷത്തോളം ലിവര്‍പൂളിന്റെ പ്രധാന താരമായിരുന്ന കുട്ടിന്യോ 2018-ല്‍ കൂടുമാറി ബാഴ്‌സയിലെത്തിയെങ്കിലും സ്പാനിഷ് തട്ടകത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 2019-20 സീസണില്‍ ബാഴ്‌സയില്‍ നിന്ന് ലോണില്‍ ബയേണ്‍ മ്യൂണിക്കിലേക്ക് പോയ താരത്തെ 2020-ല്‍ റൊണാള്‍ഡ് കൂമന്‍ മാനേജറായി ചുമതലയേറ്റതിനു പിന്നാലെ ബാഴ്‌സ തിരിച്ചുവിളിച്ചിരുന്നു. എന്നാല്‍, പരമ്ബരാഗത പത്താം നമ്ബര്‍ ശൈലിയില്‍ കളിക്കുന്ന കുട്ടിന്യോക്ക് ബാഴ്‌സയോണയുടെ ശൈലിയോട് ഇണങ്ങിച്ചേരാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ടീമില്‍ സ്ഥിരമായ സ്ഥാനം സ്വന്തമാക്കാന്‍ കഴിഞ്ഞില്ല.

ലിവര്‍പൂളില്‍ തന്റെ സഹതാരമായിരുന്ന സ്റ്റീവന്‍ ജെറാഡിന്റെ ക്ഷണപ്രകാരമാണ്, ന്യൂകാസില്‍ അടക്കമുള്ള ക്ലബ്ബുകളുടെ ഓഫര്‍ നിരസിച്ച്‌ കുട്ടിന്യോ ആസ്റ്റന്‍ വില്ലയിലേക്ക് ചേക്കേറുന്നത്. കഴിഞ്ഞ നവംബറിലാണ് ജെറാഡ് വില്ലയുടെ പരിശീലകനായി ചുമതലയേറ്റത്. കുട്ടിന്യോയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്നും എന്നാല്‍ മറ്റ് ക്ലബ്ബുകള്‍ കൂടി രംഗത്തുള്ളതിനാല്‍ ഡീല്‍ നടക്കുമോ എന്നറിയില്ലെന്നും ഈയിടെ ജെറാഡ് പ്രതികരിച്ചിരുന്നു.

പ്രതിവര്‍ഷം 8.5 ദശലക്ഷം യൂറോ എന്ന കുട്ടിന്യോയുടെ ശമ്പളത്തിന്റെ സിംഹഭാഗവും നല്‍കാന്‍ ആസ്റ്റന്‍ വില്ല തയാറാവുന്നത് ബാഴ്‌സയ്ക്ക് ആശ്വാസമാവും. ഇതോടെ മാഞ്ചസ്റ്റര്‍ സിറ്റി താരമായ ഫെറാന്‍ ടോറസിനെ സ്വന്തമാക്കാനാവശ്യമായ സാമ്ബത്തിക ഭദ്രതയും മുന്‍ ലാലിഗ ചാമ്പ്യന്മാര്‍ക്കുണ്ടാകും.

ലിവര്‍പൂളിനു വേണ്ടി 152 മത്സരങ്ങളില്‍ നിന്ന് 41 ഗോളും ബാഴ്‌സയ്ക്കായി 76 കളിയില്‍ നിന്ന് 17 ഗോളും നേടിയ കുട്ടിന്യോയുടെ വരവ് ആസ്റ്റന്‍ വില്ലയ്ക്ക് കരുത്താകും. 29-കാരന്റെ വരവോടെ മിഡ്ഫീല്‍ഡ് ശക്തമാകുമെന്നും പോയിന്റ് ടേബിളിലെ ആദ്യ പത്തിനുള്ളില്‍ ഫിനിഷ് ചെയ്യാന്‍ ടീമിനു കഴിയും എന്നുമാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

Related Articles

Back to top button