IndiaLatest

മേഘത്തിന് തൊട്ടടുത്ത് മേഘപ്പുലി; നാഗാലാന്‍ഡിലെ പര്‍വ്വതനിരയില്‍ അത്യപൂര്‍വ്വ കാഴ്ച്ച

“Manju”

നാഗാലാന്റ് : ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മേഘപ്പുലിയെ ഇത്രയും ഉയരം കൂടിയ പ്രദേശത്ത് കണ്ടെത്തുന്നത് ആദ്യമായാണ്.

നാഗാലാന്‍ഡില്‍ അത്യപൂര്‍വ മൃഗമായ മേഘപ്പുലിയെ (ക്ലൗഡഡ് ലെപ്പര്‍ഡ്) കണ്ടെത്തി. ഇന്ത്യ-മ്യാന്‍മര്‍ അതിര്‍ത്തിയിലെ വനത്തില്‍ 37000 മീറ്റര്‍ ഉയരത്തിലാണ് മേഘപ്പുലിയെ കണ്ടത്. ലോകത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ മേഘപ്പുലിയെ ഇത്രയും ഉയരം കൂടിയ പ്രദേശത്ത് കണ്ടെത്തുന്നത് ആദ്യമായാണ്.

മരത്തില്‍ കയറാന്‍ കഴിയുന്ന ഈ പുലിയെ നിത്യഹരിത മഴക്കാടുകളിലാണ് സാധാരണയായി കാണാറുള്ളത്. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ നേച്ചറിന്റെ റെഡ്‌ലിസ്റ്റില്‍ ഉള്‍പ്പെടുന്ന ഈ വിഭാഗത്തെ വംശനാശ ഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഐക്യരാഷ്ട സംഘടന വിലയിരുത്തുന്നത്. ഈ പുലിയുടെ ചിത്രങ്ങള്‍ ഡല്‍ഹി ആസ്ഥാനമായുള്ള വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന എന്‍ജിഒയുടെ നേതൃത്വത്തിലുള്ള ഗവേഷകര്‍ പകര്‍ത്തിയിട്ടുണ്ട്. കിഴക്കന്‍ നാഗാലാന്‍ഡിലെ കിഫിരെ ജില്ലയിലെ താനാമീര്‍ ഗ്രാമത്തിന് അടുത്ത വനത്തില്‍ നിന്നാണ് ചിത്രങ്ങളെടുത്തത്. ഇവിടെ 65 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള വനമേഖലയുണ്ട്.

ഈ പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെ കുറിച്ച് പഠനം നടത്താനായി വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റി ഇവിടെ അമ്പതില്‍ അധികം ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. രണ്ടു മുതിര്‍ന്ന പുലികളേയും രണ്ടു പുലിക്കുട്ടികളേയും കണ്ടെത്തിയതായും കൂടുതല്‍ പുലികള്‍ ഇവിടെ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഗവേഷകര്‍ പറയുന്നു. പര്‍വതത്തിന്റെ 3700 മീറ്റര്‍ മുകളില്‍ മരത്തില്‍ സ്ഥാപിച്ച ഒരു ക്യാമറയിലും 3436 മീറ്റര്‍ ഉയരത്തില്‍ സ്ഥാപിച്ച മറ്റൊരു ക്യാമറയിലുമാണ് പുലിയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുള്ളത്. ഇതിന്റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

താനാമീര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഗോത്രവംശമായ യിംഖ്യൂങ്ങുകളുടെ ഭാഷയായ ചിറില്‍ ‘ഖെഫാക്’ എന്നാണ് മേഘപ്പുലികള്‍ അറിയപ്പെടുന്നത്. പുലികളുടെ കൂട്ടത്തില്‍ വലിപ്പം കുറഞ്ഞ മൃഗങ്ങളാണ് മേഘപ്പുലികള്‍. ഒരു മീറ്റര്‍ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതല്‍ 20 കിലോവരെയാണ്. സാധാരണ പുലികളില്‍ നിന്ന് വ്യത്യസ്തമായ വിചിത്രമായ ഘടനയുള്ള രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. പുറംഭാഗം മേഘരൂപത്തിലുള്ള ഈ ഘടന മൂലമാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേഡ് എന്ന പേര് വന്നത്.

ഇളം മഞ്ഞ മുതല്‍ ബ്രൗണ്‍ നിറത്തില്‍ വരെ ഈ പുലികളെ കണ്ടെത്തിയിട്ടുണ്ട്. വളരെ നീളം കൂടിയ വാലുകളാണുള്ളത്. ഹിമാലയത്തിന്റെ താഴ്‌വരകളിലും തെക്കു കിഴക്കന്‍ ഏഷ്യയിലുമാണ് ഇവയുടെ അധിവാസ മേഖല. ഇന്ത്യയെ കൂടാതെ തെക്കന്‍ ചൈന, ഭൂട്ടാന്‍, നേപ്പാള്‍, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, വിയറ്റ്‌നാം, മലേഷ്യ, തായ്‌വാന്‍, കംബോഡിയ ലാവോസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും ഇവ കാണപ്പെടുന്നു.

Related Articles

Back to top button