IndiaLatest

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

“Manju”

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഏഴ് ഘട്ടമായിട്ടായിരിക്കും തിഞ്ഞെടുപ്പ് നടക്കുക. ഉത്തര്‍പ്രദേശില്‍ നടക്കുന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പ് ഫെബ്രുവരി 10ന് നടക്കും. രണ്ടാം ഘട്ടത്തില്‍ ഉത്തര്‍പ്രദേശിനെ കൂടാതെ പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി 14നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. മൂന്നാം ഘട്ടം ഫെബ്രുവരി 20നും 23നുമായി ഉത്തര്‍പ്രദേശില്‍ നടക്കും. ഫെബ്രുവരി 23, 27, മാര്‍ച്ച്‌ 3, മാര്‍ച്ച്‌ ഏഴ് തീയതികളില്‍ തുടര്‍ന്നുള്ള ഘട്ടങ്ങളും നടക്കും.

ജനുവരി 15 വരെ ഒരുതരത്തിലുള്ള പ്രകടനങ്ങളോ റോഡ് ഷോകളോ നടത്താന്‍ പാടില്ലെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ജനുവരി 15ന് ശേഷം നിരോധനം തുടരണോ എന്ന കാര്യം രാജ്യത്തെ കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പിന്നീട് തീരുമാനിക്കും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമുള്ള വിജയാഘോഷങ്ങളും പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

നാമനിര്‍ദേശപത്രിക ഓണ്‍ലൈനായും സമര്‍പ്പിക്കാവുന്നതാണ്. അഞ്ച് സംസ്ഥാനങ്ങളിലും പോളിംഗ് സമയം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് രണ്ട് ഡ‌ോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കുന്നതിന് പുറമേ കടുത്ത മുന്‍കരുതലുകളും സ്വൂകരിച്ചിട്ടുണ്ട്. 18.34 കോടി വോട്ടര്‍മാരാണ് അഞ്ച് സംസ്ഥാനങ്ങളിലുമായി തങ്ങളുടെ സമ്മതിദാന അവകാശം നിര്‍വഹിക്കുക. അതില്‍ 24.9 ലക്ഷം പേര്‍ കന്നിവോട്ടര്‍മാരാണ്. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പോളിംഗ് ബൂത്തുകളുടെ എണ്ണം ഉയര്‍ത്തിയിട്ടുണ്ട്. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്കും 80 വയസ് കഴിഞ്ഞവര്‍ക്കും കൊവിഡ് ബാധിതര്‍ക്കും തപാല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ടായിരിക്കും.

മാര്‍ച്ച്‌, മേയ് മാസങ്ങളില്‍ ഈ സംസ്ഥാനങ്ങളിലെ നിയമസഭയുടെ കാലാവധി അവസാനിക്കും. തിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണം ബിജെപിയും പഞ്ചാബില്‍ കോണ്‍ഗ്രസുമാണ് ഭരിക്കുന്നത്. കൊവിഡ് വ്യാപനം കര്‍ഷകസമരം, പഞ്ചാബിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിമാരുടെ മാറ്റം തുടങ്ങിയ ഒട്ടേറെ സംഭവവികാസങ്ങള്‍ക്കിടെയാണ് സംസ്ഥാനങ്ങള്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്.

Related Articles

Back to top button