KeralaLatest

സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ട്രാന്‍സ്ജെന്റേഴ്സിന് തൊഴിലവസരങ്ങള്‍ ഒരുക്കും

“Manju”

തൃശൂര്‍: ട്രാന്‍സ്ജെന്റേഴ്സിന് കളക്‌ട്രേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ട്രാന്‍സ്ജെ‍ന്റേഴ്സിനെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ സമഗ്ര പദ്ധതികള്‍ വിഭാവനം ചെയ്യും. കുടുംബശ്രീ ട്രാന്‍സ്ജെന്റെേഴ്സിന്റെ പുനര്‍ജന്മം മൊബൈല്‍ തട്ടുകട തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

പല വിധത്തില്‍ ചൂഷണത്തിന് വിധേയരാകുന്ന ട്രാന്‍സ്ജെന്റേഴ്സിന് അതിജീവനത്തിന്റെ വഴികള്‍ തുറന്ന് തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാഹചര്യമൊരുക്കുന്ന കുടുംബശ്രീ ഇവര്‍ക്ക് സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിച്ച്‌ ചേര്‍ത്തു നിര്‍ത്തുകയാണെന്നും മന്ത്രി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ടിന്‍ഡെക്സ് 2022 വ്യവസായ കൈത്തറി പ്രദര്‍ശന മേളയ്ക്കെത്തിയ മലപ്പുറത്തെ കുടുംബശ്രീ ട്രാന്‍സ്ജെന്റേഴ്സിന്റെ കൂട്ടായ്മയാണ് പുനര്‍ജന്മം എന്ന പേരില്‍ മൊബൈല്‍ തട്ടുകട ആരംഭിച്ചത്.മോനിഷ ശേഖര്‍, ആയിഷ സന, ജമീല, ഷംന എന്നിവരാണ് കോഴിക്കോട്ടെയും തൃശൂരിലേയും കുടുംബശ്രീയുടെ സഹായത്താല്‍ മൊബൈല്‍ തട്ടുകട തുടങ്ങിയത്.

വിവിധ തരം ജ്യൂസുകള്‍, സ്നാക്സ് എന്നിവ വില്‍പന നടത്താന്‍ ഉദ്ദേശിച്ചാണ് ഉദ്യമം. പല വിധത്തില്‍ ചൂഷണം നേരിടുന്ന തങ്ങളുടെ അതിജീവനവും പുനര്‍ജന്മവും കൂടിയാണ് ഈ മൊബൈല്‍ തട്ടുകടയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മോനിഷ ശേഖര്‍ പറഞ്ഞു. കുടുംബശ്രീയുടെ പിന്തുണയ്ക്കും ട്രെയിനിങിനും അവര്‍ പ്രത്യേകം നന്ദി അറിയിച്ചു. സമൂഹത്തില്‍ നിന്ന് തങ്ങള്‍ നേരിടുന്ന വിഷമങ്ങള്‍ മോനിഷ മന്ത്രിയെ അറിയിച്ചു.

ഉദ്ഘാടന പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ്കുമാര്‍, അസി. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ രാധാകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ. എസ്. കൃപകുമാര്‍, മാനേജര്‍ സജി, ഐഫ്രം സിഇഒ അജയ കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിക്ക് ശേഷം വ്യവസായ വകുപ്പ് നടത്തുന്ന ടിന്‍ഡെക്സ് വ്യാപാര മേള സ്റ്റാളുകള്‍ മന്ത്രി സന്ദര്‍ശിച്ചു.സംരംഭകരുടെ ഉല്‍പന്നങ്ങളെക്കുറിച്ച്‌ ചോദിച്ചറിഞ്ഞ മന്ത്രി കുടുംബശ്രീ ഫുഡ് കോര്‍ട്ടില്‍ നിന്ന് ഒല്ലൂര്‍ കൃഷി സമൃദ്ധിയുടെ മുരിങ്ങയില സൂപ്പും പുനര്‍ജന്മത്തിലെ ജ്യൂസുമെല്ലാം കുടിച്ചാണ് മടങ്ങിയത്

Related Articles

Back to top button