IndiaLatest

കോലിയുടെ ‘ഭാവി പറഞ്ഞ്’ കപില്‍ ദേവ്

“Manju”

മുംബൈ∙ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം കൂടി ഒഴിഞ്ഞതോടെ ദേശീയ ടീമില്‍ വെറുമൊരു കളിക്കാരന്‍ മാത്രമായി ചുരുങ്ങുന്ന വിരാട് കോലി, ഭാവിയില്‍ നേരിടാന്‍ പോകുന്ന പ്രതിസന്ധി പ്രവചിച്ച്‌ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ കപില്‍ ദേവ് രംഗത്ത്.
ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് പടിയിറങ്ങിയതോടെ, ഇനിമുതല്‍ താരതമ്യേന ജൂനിയറായ താരങ്ങള്‍ക്കു കീഴില്‍ കളിക്കാന്‍ കോലി സ്വയം ഒരുങ്ങേണ്ടി വരുമെന്ന് കപില്‍ അഭിപ്രായപ്പെട്ടു. ഇതിനായി കോലി തന്റെ ഈഗോ മാറ്റിവയ്ക്കേണ്ടി വരുമെന്നും കപില്‍ ദേവ് മുന്നറിയിപ്പു നല്‍കി.
സീനിയറായിരുന്ന സുനില്‍ ഗാവസ്കര്‍ തനിക്കു കീഴില്‍ കളിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് കപില്‍ കോലിക്കായി ഈ ഉപദേശം നല്‍കിയത്. താന്‍ കെ. ശ്രീകാന്ത്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നീ ജൂനിയര്‍ താരങ്ങള്‍ക്കു കീഴിലും കളിച്ചത് കപില്‍ ചൂണ്ടിക്കാട്ടി.
‘സാക്ഷാല്‍ സുനില്‍ ഗാവസ്കര്‍ എനിക്കു കീഴില്‍ കളിച്ചിട്ടുണ്ട്. ഞാന്‍ കെ. ശ്രീകാന്തിനും മുഹമ്മദ് അസ്ഹറുദ്ദീനും കീഴില്‍ കളിച്ചു. എനിക്ക് യാതൊരുവിധ ഈഗോയും തോന്നിയിട്ടില്ല. ഇനി വിരാടും തന്റെ ഈഗോ മാറ്റിവച്ച്‌ ഒരു യുവതാരത്തിനു കീഴില്‍ കളിക്കാന്‍ തയാറാകേണ്ടിവരും. അത് അദ്ദേഹത്തെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും സഹായിക്കുകയേ ഉള്ളൂ. പുതിയ ക്യാപ്റ്റനും താരങ്ങള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കി നയിക്കാന്‍ വിരാട് ഉണ്ടാകണം. വിരാട് കോലിയെന്ന ബാറ്ററെ നഷ്ടമാക്കാന്‍ നമുക്കു കഴിയില്ല. അത് ചിന്തിക്കുകയും വേണ്ട’ – കപില്‍ ദേവ് പറഞ്ഞു.
സ്വതന്ത്രമായി കളിക്കുന്നതിനായി ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള സുപ്രധാന തീരുമാനം കൈക്കൊണ്ട വിരാട് കോലിയെ കപില്‍ ദേവ് അഭിനന്ദിച്ചു. കോലിയുടേത് നല്ല തീരുമാനമാണെന്ന് കപില്‍ പറഞ്ഞു.
‘ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞ കോലിയുടെ തീരുമാനം ഞാന്‍ സ്വാഗതം ചെയ്യുന്നു. ട്വന്റി20 ടീമിന്റെ നായകസ്ഥാനം രാജിവച്ചതു മുതല്‍ കോലി കഠിനമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അടുത്തിടെയായി കോലിയെ സമ്മര്‍ദ്ദത്തിന് അടിപ്പെട്ട രീതിയിലാണ് കാണുന്നത്. അതുകൊണ്ട് സ്വതന്ത്രമായി കളിക്കാനുള്ള അവസരമാണ് ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചതിലൂടെ കോലി തിരഞ്ഞെടുത്തിരിക്കുന്നത്. നല്ല കാര്യം’ – കപില്‍ ദേവ് പറഞ്ഞു.
‘കോലി പക്വതയെത്തിയ മനുഷ്യനാണ്. ഈ സുപ്രധാനമായ തീരുമാനത്തിലെത്തുന്നതിനു മുന്‍പ് കോലി ഒരുപാട് ആലോചിച്ചിട്ടുണ്ടാകുമെന്ന് തീര്‍ച്ച. ഒരുപക്ഷേ, ക്യാപ്റ്റന്‍ സ്ഥാനം ആസ്വദിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ടാകില്ല. ഈ ഘട്ടത്തില്‍ നമ്മള്‍ അദ്ദേഹത്തെ പിന്തുണയ്ക്കണം. നല്ല ഭാവി ആശംസിക്കുന്നു’ – കപില്‍ പറഞ്ഞു.

Related Articles

Back to top button