LatestThiruvananthapuram

ആരോഗ്യപ്രവര്‍ത്തക കൊവിഡ് ബാധിച്ച്‌ മരിച്ചു

“Manju”

തിരുവനന്തപുരം വര്‍ക്കലയില്‍ നഴ്‌സിംഗ് ഓഫീസര്‍ കൊവിഡ് ബാധിച്ച്‌ മരിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. വര്‍ക്കല പുത്തന്‍ചന്ത സ്വദേശി പി എസ് സരിത (45)യാണ് മരിച്ചത്. കല്ലറയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡ്യൂട്ടി ചെയ്തു വരുന്നതിനിടെയാണ് സരിത കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഇന്നലെയാണ് കൊവിഡ് പരിശോധിച്ച്‌ രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ വീട്ടില്‍ വിശ്രമത്തിലായിരുന്നു.

കല്ലറ സിഎഫ്‌എല്‍ടിസിയില്‍ ഡ്യൂട്ടിയിലായിരുന്നു സരിത. ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് ബുദ്ധിമുട്ടുകളില്ലാത്തതിനാല്‍ ഇവര്‍ വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ഇന്ന് രാവിലെയാണ് വീട്ടില്‍ മരണമടഞ്ഞതായി ബന്ധുക്കള്‍ കണ്ടത്. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ സരിതയ്ക്കുണ്ടായിരുന്നില്ല എന്നാണ് മനസിലാക്കാന്‍ സാധിച്ചത്. സരിതയുടെ നിര്യാണത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി.

സരിതയുടെ മരണം ആരോഗ്യ വകുപ്പിന് തീരാ നഷ്ടമാണ്. സരിതയുടെ മരണത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തുന്നതായും മന്ത്രി അറിയിച്ചു. എല്ലാവരും കൂടുതല്‍ ശ്രദ്ധിക്കേണ്ട സ്ഥിതിയാണ് വന്നിരിക്കുന്നത്. കോവിഡിനെ ആരും നിസാരമായി കാണരുത്. എല്ലാവരും അതീവ ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

Related Articles

Back to top button