KeralaLatest

മൂന്നാര്‍ തൂക്കുപാലം ദുരന്തത്തിന് 38 വയസ്

“Manju”

തൂക്കുപാലം: ഹെലികോപ്റ്റര്‍ കാണാന്‍ കൗതുകം പൂണ്ട് ക്ലാസ് മുറിക്ക് പുറത്തേക്ക് ഓടിയ 14 കുരുന്നുകളുടെ ജീവന്‍ കവര്‍ന്ന മൂന്നാര്‍ തൂക്കുപാലം ദുരന്തത്തിന് 38 വയസ് പിന്നിട്ടു. ദുരന്തത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അന്നത്തെ വിദ്യാര്‍ഥികളുടെ ഓര്‍മകളില്‍ ഇന്നും മുതിരപ്പുഴയാറില്‍ പിടഞ്ഞുവീണ മൂന്നാര്‍ ഗവ. ഹൈസ്കൂളിലെ സഹപാഠികളുടെ നിലവിളിയുടെ മുഴക്കമുണ്ട്.

1984 നവംബര്‍ ഏഴിനായിരുന്നു ഇടുക്കിയെ നടുക്കിയ തൂക്കുപാലം ദുരന്തം. ഇന്ദിരാഗാന്ധിയുടെ മരണവുമായി ബന്ധപ്പെട്ട പൊതു അവധിയെത്തു നാട്ടില്‍ പോയ ചില അധ്യാപകര്‍ മടങ്ങിയെത്താത്തതിനാല്‍ ഏതാനും ക്ലാസുകളില്‍ ആദ്യ പിരിയഡ് പഠനമുണ്ടായില്ല.

ഇതിനിടെയാണ് ഹെലികോപ്റ്റര്‍ താഴ്ന്നുപറക്കുന്നത് ക്ലാസിലിരുന്ന ചില കുട്ടികള്‍ കണ്ടത്. ഹൈറേഞ്ച് ക്ലബ് മൈതാന ത്തിറങ്ങിയ നാവികസേനയുടെ ഹെലികോപ്ടര്‍ കാണാന്‍ കുട്ടികള്‍ കൂട്ടത്തോടെ ക്ലാസ് മുറികളില്‍ നിന്ന് ഇറങ്ങിയോടി. ക്ലബ്ബിനെ ബന്ധിപ്പിച്ചിരുന്ന തൂക്കുപാലത്തിലൂടെ കുറെ കുട്ടികള്‍ മൈതാനത്തെത്തി.

കൂടുതല്‍ കുട്ടികള്‍ പാലത്തിന്റെ മറുവശത്തുനിന്ന് വന്നുകൊണ്ടിരുന്നു. ഭാരം താങ്ങാനാവാതെ പാലം തകര്‍ന്നു. പുഴയില്‍ വീണ 24 കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ കരക്കെത്തിച്ചെങ്കിലും 14 പേര്‍ മരണപ്പെട്ടു. 1942ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതായിരുന്നു പാലം.

ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട കുരുന്നുകള്‍ക്കായി മൂന്നാറില്‍ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ ദുരന്തസ്ഥലത്തിന് സമീപത്തെ വിദ്യാര്‍ഥി സ്മാരകത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി.

 

Related Articles

Back to top button