IndiaLatest

പ്രധാനമന്ത്രി ഹൈദരാബാദിൽ: സ്വീകരിക്കാതെ മുഖ്യമന്ത്രി, അവഹേളനമെന്ന് ബിജെപി

“Manju”

ഹൈദരാബാദ്: ഹൈദരാബാദിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടെത്തി സ്വീകരിക്കാതെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു. സമത്വ പ്രതിമ രാജ്യത്തിന് സമർപ്പിക്കുന്നതിനും ഐസിആർഐഎസ്എടിയുടെ 50-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിനുമായി ഹൈദരാബാദിലെത്തിയതാണ് അദ്ദേഹം. മുഖ്യമന്ത്രിയ്‌ക്ക് പകരം മൃഗസംരക്ഷണ, ഫിഷറീസ് മന്ത്രി തലസനി ശ്രീനിവാസ് യാദവാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്.

തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ, കേന്ദ്ര ടൂറിസം മന്ത്രി ജി കിഷൻ റെഡ്ഢി, തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ് യാദവ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. എയർപോർട്ടിലെ വെൽക്കം പ്രോട്ടോക്കോൾ ലംഘിച്ചുള്ള ചന്ദ്രശേഖര റാവുവിന്റെ നടപടി ‘വിഡ്ഢിത്തവും ലജ്ജാകരവുമാണെ’ന്ന് തെലങ്കാനയിലെ ബിജെപി ഘടകം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഭരണഘടനയെ പതിവായി അപമാനിക്കുന്നുവെന്നും പ്രധാനമന്ത്രിയെ അവഹേളിച്ചുവെന്നും ബിജെപി ആരോപിച്ചു. ഹൈദരാബാദിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ മുഖ്യമന്ത്രി എത്താത്തതിനെ തുടർന്ന് വ്യാപക വിമർശനമാണ് ഉയർന്നിരിക്കുന്നത്. ആരോഗ്യസ്ഥിതി മോശമായതിനാലാണ് വിമാനത്താവളത്തിൽ എത്താതിരുന്നതെന്നാണ് ചന്ദ്രശേഖര റാവു അറിയിച്ചത്. വൈകുന്നേരത്തെ പരിപാടിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ വിമർശിച്ച് ചന്ദ്രശേഖര റാവു എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയെ സ്വീകരിക്കുന്ന ചടങ്ങിലും എത്താതിരുന്നത്. 11-ാം നൂറ്റാണ്ടിലെ ഭക്ത സന്യാസിയും സാമൂഹിക പരിഷ്‌കർത്താവുമായ ശ്രീ രാമാനുജാചാര്യയുടെ ഹൈദരാബാദിലെ പ്രതിമയുടെ അനാച്ഛാദനത്തിനായാണ് അദ്ദേഹം ഹൈദരാബാദിലെത്തിയത്. 216 അടി ഉയരമുള്ളതാണ് പ്രതിമ.

Related Articles

Back to top button