IndiaLatest

ഇന്ത്യയിലെ ആദ്യ പൈലറ്റ് ലൈസന്‍സിന് 93 വയസ്സ്

“Manju”

ന്യൂഡല്‍ഹി: ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം എയര്‍ ഇന്ത്യ വീണ്ടും ടാറ്റയുടെ കരങ്ങളിലെത്തുമ്പോള്‍ രാജ്യത്തെ ആദ്യ എയര്‍ലൈനിന്റെ അമരക്കാരനെ ഓര്‍ത്ത് ടാറ്റ കമ്പനീസ്. ആദ്യമായി കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ച ഇന്ത്യക്കാരന്‍ ജഹാംഗീര്‍ രത്തന്‍ജി ദാദാഭായ് ടാറ്റയുടെ (ജെ.ആര്‍.ഡി. ടാറ്റ) ലൈസന്‍സിന്റെ ചിത്രമാണ് ടാറ്റ കമ്പനീസ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

1929 ഫെബ്രുവരി 10-നായിരുന്നു ജെ.ആര്‍.ഡി. ടാറ്റയുടെ ആ സ്വപ്ന സാക്ഷാത്ക്കാരം. ഇന്ത്യയില്‍ ആദ്യമായി കൊമേഴ്ഷ്യല്‍ പൈലറ്റ് ലൈസന്‍സ് നേടിയതോടെ രാഷ്ട്രത്തിന് ചിറകു നല്‍കുക എന്ന വലിയ ദൗത്യത്തിന്റെ ആദ്യ പടി കൂടിയാണ് അന്ന് ജെ.ആര്‍.ഡി. ടാറ്റ പൂര്‍ത്തിയാക്കിയത്. ജഹാംഗീര്‍ രത്തന്‍ജി ദാദാഭായ് ടാറ്റയുടെ ലൈസന്‍സിന്റെ ചിത്രത്തോടൊപ്പം ഇന്ത്യയുടെ ആദ്യത്തെ പൈലറ്റ് ലൈസന്‍സും എയര്‍ ഇന്ത്യയുടെ ആദ്യ വിമാനവും തമ്മിലുള്ള ബന്ധവും വിശദമാക്കുന്ന ഒരു കുറിപ്പും ടാറ്റ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

1932 ഒക്ടോബര്‍ 15-ന് ആദ്യ വിമാനം ആകാശം തൊടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പേ എയര്‍ ഇന്ത്യയുടെ കഥ ആരംഭിച്ചിരുന്നുവെന്നും അതിന്റെ ആദ്യ പടിയായിരുന്നു ജെ.ആര്‍.ഡിക്ക് ലഭിച്ച പൈലറ്റ് ലൈസന്‍സെന്നും ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പില്‍ ടാറ്റ കമ്പനീസ് പറയുന്നു. ഇന്‍സ്റ്റാഗ്രാമില്‍ ടാറ്റാ കമ്പനീസ് പങ്കുവെച്ച ചിത്രം നിരവധി പേരാണ് ലൈക്ക് ചെയ്തിട്ടുള്ളത്.

Related Articles

Back to top button