KeralaLatest

രാജേന്ദ്രന്‍ പാലൂട്ടിയ കൈയില്‍ കൊത്തിയ പാമ്പ്

“Manju”

 

തിരുവനന്തപുരം: പാലൂട്ടിയ കൈക്ക് തന്നെ ആദ്യം കടിച്ചാണ് വിനിത കൊലക്കേസ് പ്രതി രാജേന്ദ്രന്‍ ക്രിമിനലായത്. വിവാഹിതനായിരുന്നെങ്കിലും മക്കളില്ലാതിരുന്ന സുബ്ബയ്യ ഒരു പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തിയതോടെ രാജേന്ദ്രന് ഇയാളോട് നീരസം തോന്നി. തനിക്ക് ലഭിച്ചിരുന്ന സഹായം നിലയ്ക്കുമെന്ന സംശയമാണ് ഇതിന് കാരണമായത്. ഇതിലുള്ള ദേഷ്യം മനസില്‍ കൊണ്ടുനടന്ന രാജേന്ദ്രന്‍ സുബ്ബയ്യയേയും കുടുംബത്തെയും വകവരുത്തി സ്വത്തുക്കള്‍ കൈക്കലാക്കാമെന്ന് കരുതി. സുബ്ബയ്യയ്ക്കും കുടുംബത്തിനുമൊപ്പം പലയിടത്തും യാത്ര ചെയ്യാറുണ്ടായിരുന്ന രാജേന്ദ്രന്‍ ഒരിക്കല്‍ സുബ്ബയ്യയുമായി കാറില്‍ പുറത്തുപോയി. വിജനമായ സ്ഥലത്തെത്തിയപ്പോള്‍ ഒരുകാര്യം സംസാരിക്കാനുണ്ടെന്ന പേരില്‍ കാറില്‍ നിന്ന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയശേഷം കഴുത്തില്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സുബ്ബയ്യയുടെ വീട്ടില്‍ മടങ്ങിവന്ന രാജേന്ദ്രന്‍ സുബ്ബയ്യയുടെ ഭാര്യയോടും വളര്‍ത്തുമകളോടും സാര്‍ അല്പം താമസിക്കുമെന്ന് പറഞ്ഞു. വളര്‍ത്തുമകളെ അടുക്കളയിലേക്ക് വെള്ളമെടുക്കാന്‍ പറഞ്ഞുവിട്ടശേഷം ഭാര്യയേയും കഴുത്തറുത്ത് കൊന്നു.

വെള്ളവുമായി തിരികെ വന്ന കുട്ടിയെ നിലത്തടിച്ചുമാണ് കൊന്നത്. ക്രൂരമായ ഈ കൂട്ടക്കൊലയില്‍ രണ്ട് കേസുകളായാണ് രാജേന്ദ്രനെതിരെ കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. പിന്നീട് തമിഴ്നാട്ടില്‍ കവര്‍ച്ചയ്ക്കായി മറ്റൊരു കൊലപാതകം കൂടി നടത്തിയ രാജേന്ദ്രന്‍ 2016ല്‍ ജാമ്യം നേടി പുറത്തിറങ്ങിയശേഷമാണ് വെള്ളമടയില്‍ നിന്ന് കാവല്‍കിണറിലേക്ക് താമസം മാറിയത്. പിന്നീട് കേരളത്തിലെത്തിയ രാജേന്ദ്രന്‍ വിനിത കൊലക്കേസിലാണ് പിടിക്കപ്പെട്ടത്. തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ ആലീസെന്ന യുവതിയെ കൊലപ്പെടുത്തി കവര്‍ച്ച ചെയ്ത സംഭവത്തിലും രാജേന്ദ്രനോട് സാമ്യമുള്ള ഒരാള്‍ക്കെതിരെയാണ് ക്രൈംബ്രാ‍ഞ്ച് അന്വേഷണം നടത്തുന്നത്. അതും രാജേന്ദ്രന്‍ തന്നെയാണോയെന്ന് സംശയിക്കുന്ന ക്രൈംബ്രാഞ്ചും മറ്റ് തെളിവുകള്‍ കൂടി പരിശോധിച്ചശേഷം വരും ദിവസങ്ങളില്‍ ഇയാളെ കസ്റ്റഡിയില്‍ വാങ്ങാന്‍ സാദ്ധ്യതയുണ്ട്.

 

Related Articles

Back to top button