LatestThiruvananthapuram

എകെജി സെന്ററില്‍ സൗരോര്‍ജ നിലയം

“Manju”

തിരുവനന്തപുരം ; എകെജി സെന്ററില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ സൗര പദ്ധതിയിലുള്‍പ്പെടുത്തി 30 കിലോവാട്ട് ശ്യംഖലാബന്ധിത സൗരോര്‍ജ നിലയം പ്രവര്‍ത്തനക്ഷമമായി. സംസ്ഥാന സര്‍ക്കാരിന്റെ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികളെ പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം പകരുന്നതിന് മുതല്‍ക്കൂട്ടാകുന്നതാണ് എകെജി സെന്ററിലെ പുതിയ സൗരോര്‍ജ പ്ലാന്റ്.

വ്യവസായ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അക്രഡിറ്റഡ് സ്ഥാപനമായ ഇന്‍കെല്‍ ലിമിറ്റഡാണ് സൗരോര്‍ജ നിലയം സ്ഥാപിച്ചത്. അതിനൂതനമായ MONO PERC സാങ്കേതികവിദ്യയിലുള്ള ഉയര്‍ന്ന കാര്യക്ഷമതയുള്ള 400Wp ശേഷിയുള്ള 75 സോളാര്‍ പാനലുകളും, 30 കിലോവാട്ട് ശേഷിയുള്ള സോളാര്‍ ഇന്‍വെര്‍ട്ടറുമാണ് പദ്ധതിക്കായി ഉപയോഗിച്ചിട്ടുള്ളത്. സൗരോര്‍ജ്ജ നിലയത്തില്‍നിന്നും പ്രതിദിനം ശരാശരി 120 യൂണിറ്റും, പ്രതിമാസം ശരാശരി 3600 യൂണിറ്റും വൈദ്യുതി ഉത്പാദിപ്പിക്കാനാകും.

നേരത്തെ ഉപയോഗിച്ചിരുന്ന സോളാര്‍ പ്ലാന്റ് പുതുക്കിയാണ് പരിസ്ഥിതി സൗഹൃദമായ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തുന്ന പുത്തന്‍ മാതൃകയിലുള്ള സൗരോര്‍ജ പ്ലാന്റ് എകെജി സെന്ററില്‍ സജ്ജമാക്കിയിട്ടുളളത്. സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം 2022 ഫെബ്രുവരി 20 ഞായറാഴ്ച്ച വൈകുന്നേരം നാല് മണിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി സ. കോടിയേരി ബാലകൃഷ്‌ണന്‍ നിര്‍വ്വഹിക്കും.

Related Articles

Back to top button