IndiaLatest

പ്രസവാനന്തരം കുഞ്ഞുങ്ങള്‍ മരിച്ചാല്‍ കേന്ദ്ര ജീവനക്കാര്‍ക്ക് പ്രത്യേക അവധി

“Manju”

ന്യൂഡല്‍ഹി: പ്രസവിച്ച ഉടന്‍ കുഞ്ഞുങ്ങള്‍ മരിക്കുകയോ ചാപിള്ളയെ പ്രസവിച്ചാലോ കേന്ദ്ര സര്‍വീസിലുള്ള വനിതാ ജീവനക്കാര്‍ക്ക് 60 ദിവസം പ്രത്യേക അവധി അനുവദിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. പ്രസവിച്ച ഉടന്‍ കുഞ്ഞുങ്ങള്‍ മരിച്ചാല്‍ മാതാവിനുണ്ടാകുന്ന വൈകാരിക ആഘാതം പരിഗണിച്ചാണ് പേഴ്‌സനല്‍ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത്തരം സംഭവങ്ങളില്‍ അവധിയില്‍ വ്യക്തത തേടി നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നതായി മന്ത്രാലയം വ്യക്തമാക്കി.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. പ്രസവം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നോ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നോ ആയിരിക്കണമെന്ന് നിബന്ധനയുണ്ട്. ജനിച്ച്‌ 28 ദിവസത്തിനകം കുഞ്ഞുങ്ങള്‍ മരിക്കുന്ന സ്ത്രീകള്‍ക്കാണ് ഈ അവധി അനുവദിക്കുക. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പേഴ്‌സനല്‍ മന്ത്രാലയത്തിന്റെ ഉത്തരവ്.

കുഞ്ഞിന്റെ മരണം മുതലുള്ള തീയതിയാണ് അവധിയായി കണക്കാക്കുക. നേരത്തെ എടുത്ത പ്രസവാവധി ജീവനക്കാരുടെ ക്രെഡിറ്റിലുള്ള മറ്റ് ഇനത്തിലുള്ള അവധിയിലേക്ക് മാറ്റും. ഇതിന് പ്രത്യേക മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല.

Related Articles

Back to top button