IndiaLatest

പാകിസ്താന്‍ അതിര്‍ത്തിയില്‍ വ്യോമസേന അഭ്യാസം ;പ്രധാനമന്ത്രി മുഖ്യാതിഥി

“Manju”

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേന പൊഖ്‌റാനില്‍ പാകിസ്താന്‍ അതിര്‍ത്തിയില്‍ അഭ്യാസ പ്രകടനങ്ങള്‍ ക്കൊരുങ്ങുന്നു. വായു ശക്തി എന്ന് പേരിട്ടിരിക്കുന്ന അഭ്യാസ പ്രകടനവും പ്രദര്‍ശനവും ഈ മാസം 7-ാംതിയതി തിങ്കളാഴ്ചയാണ് അരങ്ങേറുക. റഫേലടക്കം 150 വിമാനങ്ങളാണ് അണിചേരുക. ഇന്ത്യന്‍ ആണവ പരീക്ഷണങ്ങളുടെ കേന്ദ്രമായ പൊഖ്‌റാന്‍ മേഖലയിലാണ് വ്യോമസേന ആകാശത്തെ പ്രകമ്പനം കൊള്ളിക്കുക. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തി മേഖലയിലാണ് വ്യോമാഭ്യാസമെന്നതും ഏറെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥിയായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനൊപ്പം പങ്കെടുക്കുക.

വായുശക്തി പ്രദര്‍ശനത്തില്‍ റഫേലടക്കം 150 വിമാനങ്ങളാണ് അണിചേരുക. ഇതില്‍ ഫൈറ്റര്‍ ജെറ്റുകളും ഹെലികോപ്റ്ററുകളും അണിനിരക്കും. ഇന്ത്യയുടെ തദ്ദേശീയ ജെറ്റുകളായ തേജസും റഫേലുകള്‍ക്കൊപ്പമുണ്ടാകും. യുദ്ധമേഖലകളില്‍ നടത്തേണ്ട എല്ലാത്തരം പ്രദര്‍ശനങ്ങളും നടത്തുമെന്നാണ് വ്യോമസേന അറിയിക്കുന്നത്. 2019ന് ശേഷം രണ്ടു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സമ്പൂര്‍ണ്ണ ശക്തിപ്രകടനത്തിന് വ്യോമസേന തയ്യാറെടുക്കുന്നത്. ഏഷ്യയുടെ കിഴക്കന്‍ മേഖല കനത്ത യുദ്ധ സാഹചര്യത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കേ ഇന്ത്യയുടെ വ്യോമസേനയുടെ തയ്യാറെടുപ്പ് സവിശേഷ ശ്രദ്ധനേടുകയാണ്.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ റഫേലിനൊപ്പം ജാഗ്വര്‍, സുഖോയ്-30, മിഗ്-29, തേജസ്, മിഗ്-21 ബൈസണ്‍, ഹ്വാക്32, എം200 എന്നിവയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. രക്ഷാ പ്രവര്‍ത്തനങ്ങളില്‍ ലോകമെമ്പാടും ശക്തിതെളിയിച്ചുകൊണ്ടിരിക്കുന്ന സി-17, സി-130 ജെ ഹെര്‍ക്കുലീസ്, ചിനൂക്, മി-17 വി-5, മി-35, അപ്പാച്ചെ എന്നീ വിമാനങ്ങള്‍ പങ്കെടുക്കും. യുദ്ധപ്രകടനത്തില്‍ ആകാശ്, സ്‌പൈഡര്‍ മിസൈലുകളുടെ പ്രഹരശേഷിയും പ്രദര്‍ശിപ്പിക്കപ്പെടും. 1953ലാണ് വ്യോമസേന ആദ്യമായി ഒരു അഭ്യാസ പ്രകടനം നടത്തുന്നത്. ഡല്‍ഹിയിലെ തില്‍പത്തിലാണ് അന്ന് വ്യോമസേന അഭ്യാസ പ്രകടനം നടത്തിയത്. 1989ലും അവിടെ പ്രകടനം നടന്നു. പിന്നീട് എല്ലാ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രകടനം സ്ഥിരമായി പൊഖ്‌റാനിലാണ് നടക്കുന്നത്.

Related Articles

Back to top button