KeralaLatest

പോലീസ് മേധാവിയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്: അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

“Manju”

കൊച്ചി: സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. അനില്‍ കാന്തിന്റെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് സംഘം അധ്യാപികയില്‍ നിന്നും 14 ലക്ഷം തട്ടിയെടുത്തതായി പരാതി. സംഭവത്തില്‍, പോലീസ് അന്വേഷണം ആരംഭിച്ചു. കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപിയാണ് തട്ടിപ്പിന് ഇരയായത്. ഓണ്‍ ലൈന്‍ ലോട്ടറി അടിച്ചുവെന്ന് പറഞ്ഞാണ് തട്ടിപ്പ് സംഘം അധ്യാപികയ്ക്ക് സന്ദേശം അയച്ചത്.

സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. ഇതില്‍, സംശയം തോന്നിയ അധ്യാപിക തിരിച്ച്‌ സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കില്‍, നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വെച്ച വാട്സ്‌ആപ്പ് സന്ദേശത്തില്‍ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും അറിയിച്ചു. സംശയം തീ‍ര്‍ക്കാന്‍ അധ്യാപിക പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചപ്പോള്‍, അന്ന് ഡിജിപി ഡല്‍ഹിയിലേക്ക് പോയെന്ന മറുപടിയാണ് ലഭിച്ചത്. ഇതോടെ,സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക പണം അയ്ക്കുകയായിരുന്നു.

അതേസമയം, അന്വേഷണത്തില്‍ അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറില്‍ നിന്നാണ് വ്യാജ വാട്സ്‌ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയതെന്ന് കണ്ടെത്തി. നേരത്തെയും, പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബര്‍ തട്ടിപ്പില്‍ ജാഗ്രത പുല‍ത്തണമെന്ന് പോലീസ് ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കുമ്പോഴാണ് സംസ്ഥാന പോലീസ് മേധാവിയുടെ പേരില്‍ തന്നെ ഇപ്പോള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

Related Articles

Back to top button