InternationalLatest

മരിയുപോളില്‍ റഷ്യ ഷെല്ലാക്രമണം നടത്തി, യുക്രൈന്‍

“Manju”

പതിനൊന്നാം ദിനത്തിലും യുക്രൈന്‍ അധിനിവേശം കടുപ്പിച്ച് റഷ്യ. കീവിലും ഖാര്‍ക്കീവിലും റഷ്യ രൂക്ഷമായ പോരാട്ടമാണ് തുടരുന്നത്. മരിയുപോളില്‍ റഷ്യന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായാണ് വിവരം. ഖാര്‍ക്കീവില്‍ വ്യോമാക്രമണം നടന്നതായും കെട്ടിടങ്ങള്‍ക്ക് തീ പിടിച്ചതായും റിപ്പോര്‍ട്ടുണ്ട്. യുദ്ധത്തില്‍ നാറ്റോയെ പങ്കാളികളാക്കാന്‍ യുക്രൈന്‍ ശ്രമിക്കുന്നത് സമവായത്തിന് തടസമാണെന്നാണ് റഷ്യ പറയുന്നത്. റഷ്യ ആക്രമണം തുടരുന്നതിനാല്‍ യുക്രൈന്‍ ആളുകളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. റഷ്യന്‍ സൈന്യം കീവിന് സമീപമുള്ള ജലവൈദ്യുത നിലയത്തിലേക്ക് നീങ്ങുന്നതായി യുക്രൈന്‍ ആരോപിക്കുന്നു. 9 റഷ്യന്‍ വിമാനങ്ങളും 5 ജെറ്റുകളും ആക്രമണ ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടതായും യുക്രൈന്‍ അറിയിച്ചു.
മരിയുപോള്‍, വോള്‍നോവാഹ എന്നിവിടങ്ങളിലാണ് ആറ് മണിക്കൂര്‍ നേരത്തേയ്ക്ക് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. അതേസമയം, യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ് സഹായിക്കണമെന്ന് വീണ്ടും നാറ്റോയോട് അഭ്യര്‍ത്ഥിച്ചു. യുദ്ധവിമാനങ്ങളുള്‍പ്പടെ നല്‍കി സഹായിക്കണമെന്നാണ് യുക്രൈന്റെ ആവശ്യം. വ്യോമപാത നിരോധനത്തിന് നാറ്റോ മടിക്കുന്നത് അവരുടെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നതെന്നും കുലേബ പറഞ്ഞു.
അതേസമയം, യുക്രൈന് മുകളില്‍ വ്യോമപാത നിരോധനം ഏര്‍പ്പെടുത്തിയാല്‍ സംഘര്‍ഷം വഷളാകുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. നിരോധനത്തിന് നീക്കമുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകും. യുക്രൈനിലെ സൈനിക നടപടി റഷ്യ ഉദ്ദേശിച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും പുടിന്‍ പറഞ്ഞു. റഷ്യയില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തില്ലെന്നും അത്തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്നും പുടിന്‍ വ്യക്തമാക്കി

Related Articles

Back to top button