IndiaLatest

യുക്രൈന്‍ അധിനിവേശം ; മാഹി മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്

“Manju”

മാഹി: യുക്രെയ്നിലുണ്ടായ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അസംസ്കൃത പെടോളിയം ഉല്‍പന്നങ്ങളുടെ വിലയിലുണ്ടായ കുതിപ്പില്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവുണ്ടാകുമെന്ന അഭ്യൂഹത്തിന്റെ അടിസ്ഥാനത്തില്‍ മാഹി മേഖലയിലെ പെട്രോള്‍ പമ്ബുകളില്‍ തിങ്കളാഴ്ച രാവിലെ മുതല്‍ വന്‍ തിരക്കനുഭവപ്പെട്ടു.

കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ ബസുകള്‍ അടക്കമുള്ള വാഹനങ്ങള്‍ ഇന്ധനം നിറക്കാന്‍ മാഹിയില്‍ എത്തി. വൈകുന്നേരത്തോടെ തിരക്ക് ഇരട്ടിയായി. മിക്ക പമ്ബുകളിലും ഇന്ധനം തീര്‍ന്ന അവസ്ഥയായിരുന്നു. എന്നാല്‍, രാത്രിയോടെ ടാങ്കര്‍ ലോറികള്‍ ഇന്ധനവുമായി എത്തി. ദേശീയപാതയില്‍ ഗതാഗത കുരുക്കും രൂപപ്പെട്ടു. മാഹിയില്‍ കേരളത്തെ അപേക്ഷിച്ച്‌ പെട്രോളിന് 11.80 രൂപയും ഡീസലിന് 10 രൂപയും കുറവുള്ളതിനാല്‍ ഇന്ധനത്തിനായി എത്തുന്നവരില്‍ പലരും വാഹനങ്ങളില്‍ ഫുള്‍ ടാങ്കും അടിച്ച്‌ കന്നാസിലും കരുതിയാണ് സ്ഥലംവിട്ടത്. മാഹി, പള്ളൂര്‍, പന്തക്കല്‍ പ്രദേശങ്ങളിലായി 16 പമ്ബുകളാണ് പ്രവര്‍ത്തിക്കുന്നത്.

നാല് മാസത്തോളമായി വിലയില്‍ ഏറ്റക്കുറച്ചലില്ലാതെ തുടരുകയായിരുന്നു. നവംബര്‍ നാലിന് രാത്രി കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ കുറച്ചതിന് ശേഷം ഇന്ധനവില നാല് മാസത്തോളമായി വ്യത്യാസമില്ലാതെ തുടരുകയാണ്.

നവംബര്‍ അഞ്ചിന് രാവിലെയാണ് പെട്രോള്‍ പമ്ബുകളില്‍ പുതിയ വില നിലവില്‍ വന്നത്. കണ്ണൂരില്‍ പെടോള്‍ വില 110.50 രൂപയും ഡീസല്‍ 104.05 രൂപയുമായി റെക്കോഡ് വില എത്തിയിരുന്നു. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ കണ്ണൂരില്‍ നവംബര്‍ അഞ്ച് മുതല്‍ പെട്രോള്‍ വില 104.40 രൂപയായും ഡീസല്‍ 91.67 രൂപയായും കുറഞ്ഞു. മാഹിയില്‍ കേന്ദ്രം കുറച്ചതിന് പിന്നാലെ പുതുച്ചേരി സര്‍ക്കാര്‍ വാറ്റും കുറച്ചിരുന്നു. മാഹിയില്‍ തിങ്കളാഴ്ച പെട്രോള്‍ വില 92.52 രൂപയും ഡീസല്‍ 80.94 രൂപയുമാണ്.

Related Articles

Back to top button