IndiaLatest

‘സൗജന്യങ്ങൾ നൽകി വോട്ട് വാങ്ങുന്നത് ഗുരുതരമായ പ്രശ്നം‘;  സുപ്രീം കോടതി

“Manju”

ന്യൂഡൽഹി: രാഷ്‌ട്രീയ പാർട്ടികൾ ജനങ്ങൾക്ക് സൗജന്യങ്ങൾ നൽകി വോട്ട് വാങ്ങുന്നത് ഗുരുതരമായ സാമ്പത്തിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി സുപ്രീം കോടതി. ഈ പ്രശ്നം നേരിടാൻ പ്രത്യേക സംവിധാനം രൂപീകരിക്കേണ്ടത് അനിവാര്യമാണെന്നും കോടതി പറഞ്ഞു.

നീതി ആയോഗ്, ധനകാര്യ കമ്മീഷൻ, ഭരണ- പ്രതിപക്ഷ പാർട്ടികൾ, റിസർവ് ബാങ്ക്, എന്നിവ ഉൾപ്പെടുന്ന ഒരു സമിതി രൂപീകരിച്ച് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണം. ക്രിയാത്മകമായി ഇതിന് പരിഹാരം കാണണമെന്നും ചീഫ് ജസ്റ്റിസ് എൻ വി രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോഹ്ലി എന്നിവർ നിർദ്ദേശിച്ചു.

സൗജന്യങ്ങൾ നൽകി വോട്ട് വാങ്ങുന്ന പരിപാടി അവസാനിപ്പിക്കണമെന്ന അഭിപ്രായമാണ് കേന്ദ്ര സർക്കാരിന് ഉള്ളതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ വ്യക്തമാക്കി. ഇത്തരത്തിൽ സൗജന്യങ്ങൾ നൽകുന്നത് സാമ്പത്തികമായി ദുരന്തങ്ങൾക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ വോട്ടർമാരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും സുതാര്യമായ ജനാധിപത്യ പ്രക്രിയയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജനങ്ങൾ നികുതിയായി അടയ്‌ക്കുന്ന പണം വികസനത്തിന് വേണ്ടിയല്ല എന്ന തെറ്റായ സന്ദേശമാണ് സൗജന്യങ്ങൾ നൽകുന്നതിലൂടെ സൃഷ്ടിക്കപ്പെടുന്നത്. പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സൗജന്യങ്ങൾ നൽകുന്നത് അവസാനിപ്പിക്കണമെന്ന ഹർജി പരിഗണിക്കവെ സുപ്രീം കോടതി നിരീക്ഷിച്ചു.

നേരത്തേ, സൗജന്യങ്ങൾ നൽകി അധികാരം നേടുന്ന ജീർണ്ണിച്ച രാഷ്‌ട്രീയ സംസ്കാരത്തെ വികസന രാഷ്‌ട്രീയം കൊണ്ട് നേരിടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. ഇത്തരം രാഷ്‌ട്രീയ സംസ്കാരത്തെ ജനാധിപത്യത്തിൽ നിന്നും തൂത്തെറിയണമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. ഇത് ശരിവെക്കുന്ന നിർദ്ദേശമാണ് സുപ്രീം കോടതി നൽകിയിരിക്കുന്നത്.

സൗജന്യങ്ങൾ നൽകി വോട്ട് വാങ്ങുന്നത് അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ നിയമ നിർമ്മാണം നടത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അഭിപ്രായപ്പെട്ടു. നിയന്ത്രണമില്ലാതെ സൗജന്യങ്ങൾ നൽകുന്നത് വോട്ടർമാരെ സ്വാധീനിക്കുമെന്നും ഇതിനെ കോഴയായി കണക്കാക്കണമെന്നും ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ അശ്വിനി ഉപാദ്ധ്യായ വാദിച്ചു. ഇത് സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കും. അതിനാൽ അനാവശ്യ സൗജന്യങ്ങൾ എത്രയും പെട്ടെന്ന് നിയന്ത്രിക്കപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button