IndiaLatest

ഐപിഎല്‍ തുടക്കമാകാന്‍ ഇനി 10 നാള്‍

“Manju”

ഐപിഎല്‍ പതിനഞ്ചാം എഡിഷന്‍ തുടക്കമാകാന്‍ ഇനി 10 നാള്‍ . കഴിഞ്ഞ സീസണിലെ ചാമ്പ്യാന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് ഇക്കുറി ഇറങ്ങുക പുതിയ സ്ക്വാഡുമായാണ്. അഞ്ചാം കിരീടമാണ് സൂപ്പര്‍ കിങ്സിന്റെ ലക്ഷ്യം. ക്രിക്കറ്റ്‌ പ്രേമികള്‍ വളരെ ആകാംക്ഷപൂര്‍വ്വം കാത്തിരിക്കുന്നത് ഐപിഎല്‍ പതിനഞ്ചാം സീസണിനാണ്. ഈ മാസം 26ന് ചെന്നൈ സൂപ്പര്‍ കിംഗ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്‌ മത്സരത്തോടെയാണ് പുത്തന്‍ സീസണിന് തുടക്കമാവുക.

കഴിഞ്ഞ സീസണിലെ ഫൈനലില്‍ കൊല്‍ക്കത്തയെ 27 റണ്‍സിന് തോല്‍പിച്ചായിരുന്നു എം.എസ്.ഡിയുടെയും സംഘത്തിന്റെയും കിരീട നേട്ടം. ബാറ്റിംഗിലും ബോളിംഗിലും ശക്തമായ നിരയുമായാണ് ചെന്നൈയുടെ പടയൊരുക്കം. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് റുതുരാജ് ഗേക്ക്വാദ്, ഡെവോണ്‍ കോണ്‍വേ , റോബിന്‍ ഉത്തപ്പ , റായുഡു, ധോണി എന്നിവര്‍ മഞ്ഞപ്പടയുടെ ബാറ്റിംഗ് നിരയ്ക്ക് കരുത്തേകും. ഡ്വെയിന്‍ ബ്രാവോ , മുയീന്‍ അലി, ജഡേജ എന്നിവരാണ് ടീമിലെ ഓള്‍ റൌണ്ടര്‍മാര്‍.

പരുക്കേറ്റ പേസര്‍ ദീപക് ചഹറിന് ആദ്യ 5 മത്സരങ്ങള്‍ നഷ്ടമാകും. 14 കോടി രൂപയ്ക്കാണ് ചഹറിനെ സൂപ്പര്‍ കിങ്സ് ടീമിലെത്തിച്ചത്. ക്രിസ് ജോര്‍ദാന്‍, ആദം മില്‍നെ എന്നിവരുള്‍പ്പെടുന്നതാണ് ചെന്നൈയുടെ ബോളിംഗ് നിര . മലയാളി പേസര്‍ കെ എം ആസിഫിനും ടീമില്‍ ഇടം കിട്ടാന്‍ സാധ്യത ഏറെയുണ്ട്. സൂറത്തിലാണ് സൂപ്പര്‍ കിങ്സ് പരിശീലനം നടത്തുന്നത്.ഐ പി എല്ലില്‍ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാനത്തെ സീസണായിരിക്കും ഇത്തവണത്തേത് എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍ .

മികച്ച സ്ക്വാഡിനെ തന്നെ സ്വന്തമാക്കിയ ചെന്നൈയുടെ ലക്ഷ്യം അഞ്ചാം കിരീടമാണ്.
കിരീടം നിലനിര്‍ത്താനായാല്‍ ഐപിഎല്‍ കിരീട നേട്ടക്കണക്കില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പമെത്താന്‍ ധോണിപ്പടയ്ക്കാകും. ഐപിഎല്ലില്‍ കിരീട നേട്ടത്തോടെയുള്ള എം.എസ്.ഡിയുടെ രാജകീയ വിടവാങ്ങലാണ് ആരാധകരും ആഗ്രഹിക്കുന്നത്.

Related Articles

Back to top button