LatestThiruvananthapuram

വിലകയറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ചില നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ മനഃപൂര്‍വം വര്‍ധന സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ നിര്‍ദ്ദേശം നല്‍കി. വിലക്കയറ്റത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് ഭക്ഷ്യ വകുപ്പു മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാ കളക്ടര്‍മാരുടെയും ഭക്ഷ്യ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ദ്ധിക്കുന്നതിന് പ്രത്യേകമായി കാരണങ്ങളൊന്നും ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. എന്നാല്‍ മുളക്, ഭക്ഷ്യ എണ്ണ, കോഴിയിറച്ചി എന്നീ ഉത്പന്നങ്ങളുടെ വില വര്‍ദ്ധിക്കുന്നതിന്റെ കാരണം പരിശോധിക്കാന്‍ മന്ത്രി ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു. വിലക്കയറ്റം സൃഷ്ടിക്കുന്നതിന് ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടോയെന്നും, വില നിലവാരം കടകളില്‍ കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും മന്ത്രി കളക്ടര്‍മാരോട് നിര്‍ദ്ദേശിച്ചു.

പരിശോധനാ സമ്പ്രദായം ശക്തമാക്കുന്നതിനും ഭക്ഷ്യോത്പന്നങ്ങളുടെ സുഗമായ ലഭ്യത ഉറപ്പു വരുത്തുന്നതിനും നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലാന്‍ഡ് റവന്യൂ കമ്മിഷണര്‍, ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ കമ്മിഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍, വകുപ്പിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. എല്ലാ ആഴ്ചയിലും അവലോകന യോഗങ്ങള്‍ കൂടുന്നതിനും യോഗം തീരുമാനിച്ചു.

Related Articles

Back to top button