KozhikodeLatestWayanad

കോഴിക്കോടിന് പിന്നാലെ വയനാട്ടിലും യാത്രയയപ്പ് പ്രകടനം

“Manju”

കല്‍പ്പറ്റ: കോഴിക്കോട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ദിനത്തില്‍ വാഹനങ്ങളിലേറി അപകടകരമായ അഭ്യാസ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.ഇപ്പോഴിത സമാനസംഭവം വയനാട്ടിലും.
കഴിഞ്ഞദിവസം കണിയാമ്ബറ്റ ജിഎച്ച്‌എസ്‌എസില്‍ നടന്ന വിദ്യാര്‍ത്ഥികളുടെ യാത്രയയപ്പ് ചടങ്ങിലാണു മൂന്നു കാറുകളിലും ഒരു ബൈക്കിലുമേറി സ്‌കൂള്‍ ഗ്രൗണ്ടിലൂടെ വിദ്യാര്‍ത്ഥികള്‍ അഭ്യാസപ്രകടനം നടത്തിയത്. അമിതവേഗതയിലും അശ്രദ്ധമായുമായിരുന്നു ഡ്രൈവിങ്.
വാഹനത്തില്‍ കയറാവുന്നതിലുമധികം പേരെ കുത്തിനിറച്ചു പൊടിപറത്തി പോകുന്നതിന്റെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ചിലര്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. കാറിന്റെ ഡോറില്‍ തൂങ്ങിക്കിടന്നു പോകുന്നവരെയും ദൃശ്യങ്ങളില്‍ കാണാം. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ കമ്ബളക്കാട് പൊലീസ് കേസെടുത്തു. അശ്രദ്ധമായും മനുഷ്യജീവന്‍ അപകടപ്പെടുത്തുന്ന രീതിയിലും വാഹനമോടിച്ചുവെന്നതടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണു കേസ്. സംഭവത്തില്‍ മോട്ടര്‍ വാഹനവകുപ്പും അന്വേഷണം തുടങ്ങി.
അമിതവേഗത്തില്‍ വാഹനമോടിച്ചവര്‍ക്കു ലൈസന്‍സ് ഉണ്ടെങ്കില്‍ അതു റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് ആര്‍ടിഒ അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്തവരാണു വാഹനമോടിച്ചതെങ്കില്‍ രക്ഷിതാക്കള്‍ക്കെതിരെ നടപടി വരും. വാഹനങ്ങളുടെ ആര്‍സി ഉടമകള്‍ക്കും നിയമനടപടി നേരിടേണ്ടിവരുമെന്ന് മോട്ടര്‍ വാഹനവകുപ്പ് അധികാരികള്‍ അറിയിച്ചു. അദ്ധ്യാപകരുടെ മുന്നറിയിപ്പും എതിര്‍പ്പും വകവയ്ക്കാതെയായിരുന്നു അഭ്യാസപ്രകടനങ്ങള്‍. അടച്ചിട്ട ഗെയ്റ്റ് തുറന്നെത്തിയ വിദ്യാര്‍ത്ഥികളാണു വാഹനങ്ങള്‍ ഗ്രൗണ്ടിലേക്കു കയറ്റിയത്.
എസ്‌എസ്‌എല്‍എസി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ യാത്രയയപ്പു ദിനങ്ങളില്‍ ഒത്തുചേര്‍ന്നു നടത്തുന്ന ആഘോഷങ്ങള്‍ പരിധി വിടരുതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവുണ്ട്. വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളുമായി സ്‌കൂള്‍ പരിസരത്തു പ്രവേശിക്കുന്നതു തടയണമെന്ന നിര്‍ദേശവും പലപ്പോഴും പാലിക്കപ്പെടുന്നില്ല.
അതേസമയം കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ അഭ്യാസപ്രകടനം നടത്തി വാഹനം അപകടത്തില്‍പെടുത്തിയ 3 പേരുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടര്‍ വാഹനവകുപ്പ് അറിയിച്ചിരുന്നു. കാര്‍ റേസിങ് നടത്തിയതിന് 4000 രൂപ പിഴയും ഈടാക്കി. വയനാട്ടിലെ മറ്റു ചില സ്‌കൂളുകളിലും അപകടകരമായ രീതിയിലുള്ള വാഹനറാലി നടന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.
കുട്ടികളുടെ ആഘോഷങ്ങള്‍ക്കു വന്‍തുക ഈടാക്കിയാണു വാഹന ഉടമകള്‍ വാഹനങ്ങള്‍ വിട്ടുനല്‍കുന്നത്. മണിക്കൂറിന് 3000 രൂപ വരെ വാങ്ങുന്നവരുണ്ട്. കൂടാതെ ഇന്ധനവും അടിക്കണം. വണ്ടിയോടിക്കുന്നതിനിടെ പറ്റുന്ന ചെറിയ കേടുപാടുകള്‍ക്കുപോലും വന്‍തുക അധികമായി നല്‍കണം. മോദിഫൈ ചെയ്ത വണ്ടികള്‍ക്ക് റേറ്റ് കൂടും. സൈലന്‍സര്‍ ഊരിമാറ്റിയും നിയമവിരുദ്ധമായ എക്‌സ്ട്രാഫിറ്റിങ്ങുകള്‍ ഘടിപ്പിച്ചും കുട്ടികള്‍ക്കു വാഹനങ്ങള്‍ നല്‍കുന്ന സംഘങ്ങള്‍ ഇപ്പോള്‍ സജീവമാണ്.
മിക്ക വാഹനങ്ങള്‍ക്കും ആവശ്യമായ രേഖകള്‍ പോലും ഉണ്ടാകില്ല. അപകടമുണ്ടായാല്‍ ഇന്‍ഷുറന്‍സ് ക്ലെയിമും കിട്ടില്ല. നിയമവിരുദ്ധമായ മോദിഫിക്കേഷനുകള്‍ അപകടങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുമെന്ന് മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വകാര്യ വാഹനങ്ങള്‍ വാടകയ്ക്കു നല്‍കുന്നതിലെ നിയമപ്രശ്‌നങ്ങളുമുണ്ട്.

Related Articles

Back to top button