IndiaLatest

രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതല്‍

“Manju”

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതല്‍. ഇരുപതോളം തൊഴിലാളി സംഘടനകളാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്.മോട്ടോര്‍ വാഹന തൊഴിലാളികള്‍, കര്‍ഷക തൊഴിലാളി സംഘടനകള്‍, കേന്ദ്ര,സംസ്ഥാന സര്‍വീസ് സംഘടനകള്‍, ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍, എല്‍ഐസി, ബിഎസ്‌എന്‍എല്‍ ജീവനക്കാരുടെ സംഘടനകള്‍, അധ്യാപക സംഘടനകള്‍, തുറമുഖ തൊഴിലാളികള്‍ എന്നിവരും വ്യാപാര,വാണിജ്യ സ്ഥാപനങ്ങളില്‍ തൊഴിലെടുക്കുന്നവരും പണിമുടക്കും.

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയത്തിനെതിരേയാണ് തൊഴിലാളി സംഘടനകളുടെയും സ്വതന്ത്ര ദേശീയ തൊഴിലാളി ഫെഡറേഷനുകളുടെയും സംയുക്തവേദി സംഘടിപ്പിച്ച ദേശീയ കണ്‍വന്‍ഷന്‍ മാര്‍ച്ച്‌ 28നും 29നും ദ്വിദിന ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തത്.

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. നാളെയും മറ്റന്നാളും പൊതുപണിമുടക്കായതിനാലാണ് ഇത്. രണ്ട് ദിവസം തുടര്‍ച്ചയായി പണിമുടക്ക് വരുന്നതിനാല്‍ മാസാവസാനം കാര്‍ഡുടമകള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനാണ് നടപടിയെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് അറിയിച്ചു.
അതിനിടെ, ദ്വിദിന ദേശീയ പണിമുടക്കിനെതിരെ കേരളാ ഹൈക്കോടതിയില്‍ ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പണിമുടക്ക് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹര്‍ജി നല്‍കിയത്. പണിമുടക്ക് ദിവസം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം ഹാജര്‍ നിര്‍ബന്ധമാക്കണമെന്നും ഡയസ് നോണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു.
ദേശീയ പണിമുടക്കിന്റെ ഭാഗമാകരുതെന്നും പണിമുടക്കരുതെന്നുമുള്ള ഹൈക്കോടതി വിധി അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഭാരത് പെട്രോളിയത്തിലെ തൊഴിലാളികളും വ്യക്തമാക്കി. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് എറണാകുളം ബിപിസിഎല്ലിലെ സിഐടിയു യൂണിയന്‍ തൊഴിലാളികള്‍ അറിയിച്ചു. ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചാണ് മാനേജ്‌മെന്റ് പണിമുടക്കിനെതിരായ ഉത്തരവ് നേടിയത്. ഇതിനെതിരേ നിയമനടപടി സ്വീകരിക്കും. തങ്ങളുടെ വാദങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തുമെന്നും സിഐടിയു അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ദേശീയ പണിമുടക്കിന്റെ ഭാഗമായി ഭാരത് പെട്രോളിയത്തില്‍ തൊഴിലാളി യൂണിയനുകള്‍ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞത്. സിഐടിയു, ഐഎന്‍ടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളുടെ സമരമാണ് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കിയ ഹര്‍ജി പരിഗണിച്ച കോടതി തടഞ്ഞത്.

Related Articles

Back to top button