InternationalLatest

ലങ്കയില്‍ പട്ടിണി, ഇരുട്ട്

“Manju”

കൊളംബോ : സാമ്പത്തിക, ഇന്ധനപ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിദിനം 10 മണിക്കൂര്‍ പവര്‍കട്ട്. താപനിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനം ഗണ്യമായി കുറഞ്ഞതിനെ തുടര്‍ന്നാണ് ഏഴുമണിക്കൂറായിരുന്ന പവര്‍കട്ട് ദീര്‍ഘിപ്പിച്ചത്.ഇന്ധനമില്ലാത്തതിനാല്‍ താപനിലയങ്ങള്‍ നിശ്ചലമായി. 750 മെഗാവാട്ടിന്റെ കുറവാണ് ഇത്തരത്തില്‍ ഉണ്ടായത്.
പെട്രോള്‍ പമ്ബുകള്‍ സംഘര്‍ഷമേഖലകളായി. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പമ്ബുകളില്‍ കാത്തുനില്‍ക്കരുതെന്ന് സിലോണ്‍ പെട്രോളിയം കോര്‍പറേഷന്‍ (സിപിസി) ജനങ്ങളോട് നിര്ദേശിച്ചു. ഇന്ധന ലോഡ് രാജ്യത്ത് എത്തിച്ചേര്‍ന്നെങ്കിലും നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഇറക്കാനായിട്ടില്ല. വെള്ളിയാഴ്ചയോടെ മാത്രമേ ലോഡ് ഇറക്കാനാകൂ എന്നും സിപിസി അറിയിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലങ്കന്‍ സ്ഥാപനമായ എല്‍ഐഒസിയില്‍നിന്ന് 6000 ടണ്‍ ഡീസല്‍ വാങ്ങുമെന്ന് ലങ്കന്‍ ഊര്‍ജമന്ത്രി വ്യക്തമാക്കി. ഊര്‍ജോല്‍പ്പാദനത്തിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുമായാണിത്. ഇന്ത്യന്‍ സഹായത്തോടെ വ്യാഴാഴ്ചയോടെ മറ്റൊരു ലോഡ് ഡീസല്‍ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
പാചകവാതകത്തില്‍ കടുത്ത ദൗര്‍ലഭ്യം. വിതരണം ആഴ്ചയില്‍ ഒരുദിവസമായി പരിമിതപ്പെടുത്തി. പുലര്‍ച്ചെ നാലുമുതല്‍ നൂറുകണക്കിന് ആളുകള്‍ പാചകവാതക ഏജന്‍സികള്‍ക്കുമുന്നില്‍ വരിനില്‍ക്കുന്ന അവസ്ഥയുണ്ട്. മരുന്നും ഭക്ഷണവും ഉള്‍പ്പെടെ അവശ്യവസ്തുക്കള്‍ക്കെല്ലാം തീപിടിച്ച വില. പത്ത് പാരസെറ്റാമോള്‍ ഗുളികയ്ക്ക് 420 രൂപ. ചിലയിടങ്ങളില്‍ എത്ര വിലകൊടുത്താലും അരിയും പാല്‍പ്പൊടിയും ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കിട്ടാത്ത സ്ഥിതി.
സര്‍ക്കാര്‍ പൊതുപണം മോഷ്ടിക്കുകയാണെന്ന് ആരോപിച്ച്‌ ബുധനാഴ്ച ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിനുമുന്നില്‍ ജനങ്ങള്‍ പ്രതിഷേധിച്ചു.

Related Articles

Back to top button