Latest

ഭർത്താവിനെ കൊന്ന കേസ്;  എഴുത്തുകാരിയുടെ വിചാരണ ആരംഭിച്ചു

“Manju”

ഷെഫായ ഭർത്താവിനെ വെടിവച്ചു കൊന്ന കേസിൽ എഴുത്തുകാരിയായ ഭാര്യയുടെ വിചാരണ നടപടികൾ ആരംഭിച്ചു. 2018 സെപ്തംബറിലാണ് കേസുമായി ബന്ധപ്പെട്ട നാൻസി ക്രാംപ്റ്റൻ ബ്രോഫിയെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 63കാരനായ ഡാനിയൽ ബ്രോഫിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷമായി ഇവർ കസ്റ്റഡിയിൽ തുടരുകയാണ്. ഡാനിയേലിന്റെ ഭാര്യയാണ് നാൻസി. ഭർത്താവിന്റെ കൊലപാതകത്തിന് വർഷങ്ങൾക്ക് മുൻപ് ‘ഹൗ ടു മർഡർ യുവർ ഹസ്ബന്റ്’ (നിങ്ങളുടെ ഭർത്താവിനെ എങ്ങനെ കൊല്ലാം) എന്ന പുസ്തകം എഴുതിയ വ്യക്തിയാണ് നാൻസി. മറ്റാരും പ്രസിദ്ധീകരിക്കാൻ തയ്യാറാകാതിരുന്നതിനാൽ ഇവർ സ്വന്തം ചെലവിൽ ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

2018 ജൂൺ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. സൗത്ത്‌വെസ്റ്റ് പോർട്‌ലാന്റിലെ ഒറിഗൺ കളിനറി ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഡാനിയേൽ ജോലി ചെയ്തിരുന്നത്. പതിവ് ജോലിക്കായി പോകുന്നതിനിടെയാണ് ഇയാൾ കൊല്ലപ്പെടുന്നത്. കൊലപാതകം നടന്ന സ്ഥലത്ത് ബലപ്രയോഗത്തിന്റെയോ മോഷണം നടന്നതിന്റെയോ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഡാനിയേലിന്റെ പേഴ്‌സ്, ഫോൺ, കാറിന്റെ താക്കോൽ തുടങ്ങിയവയും അയാളുടെ കൈവശം ഉണ്ടായിരുന്നു. ഡാനിയേൽ വാഹനത്തിൽ പോകുന്നതിന്റേയും വരുന്നതിന്റേയും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. എ്ന്നാൽ ഇതിലൊന്നും അസ്വാഭാവികത കണ്ടെത്താൻ സാധിച്ചിരുന്നില്ല.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ നാൻസിയാണ് കേസിലെ പ്രതിയെന്ന് പോലീസ് തെളിയിക്കുകയായിരുന്നു. എന്നാൽ കേസിൽ അറസ്റ്റ് നടന്ന് ഇത്ര വർഷമായിട്ടും കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം വ്യക്തമാക്കാൻ പോലീസ് തയ്യാറായിട്ടില്ല. പണത്തോടുള്ള അത്യാഗ്രഹമാണ് നാൻസിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഏകദേശം 10 കോടിയോളം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ ഡാനിയേലിനുണ്ടായിരുന്നു. ഇതായിരുന്നു നാൻസിയുടെ ലക്ഷ്യമെന്നും പോലീസ് വ്യക്തമാക്കി. കേസിന്റെ വിചാരണ ഏഴ് മാസത്തോളം നീണ്ടു നിൽക്കുമെന്നാണ് വിവരം.

Related Articles

Back to top button