KeralaLatest

അടിപൊളി വീടിന് ഓലകൊണ്ടു മതില്‍!

പഴമയില്‍ ഒരു കുളിര്‍മ്മ

“Manju”

വീടിനേക്കാള്‍ കാശു മുടക്കി മതിലും ഗേറ്റുമൊക്കെ ആഡംബര പൂര്‍വം സ്ഥാപിക്കുന്ന കാലമാണിത്. കട്ടയും സിമന്‍റും കാസ്റ്റണ്‍ അയണുമൊക്കെ പിന്നിട്ട് ഇലക്‌ട്രിക് ഗേറ്റില്‍ വരെ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

ഇതിനിടയില്‍ വൈക്കത്തുനിന്നു വേറിട്ടൊരു കാഴ്ച. തങ്ങളുടെ വീടിനും പുരയിടത്തിനും പഴയ രീതിയില്‍ ഒാലകെട്ടി മതില്‍ തീര്‍ത്തിരിക്കുകയാണ് ഒരു കുടുംബം.
ഉദയനാപുരം ഇരുമ്ബൂഴിക്കര നല്ല പള്ളിമഠത്തില്‍ സച്ചിതാനന്ദന്‍റെ വീട്ടിലാണ് ഈ കൗതുകക്കാഴ്ച. പണ്ടൊക്കെ പുര മേയാനും മതില്‍ കെട്ടുമൊക്കെ തെങ്ങോല മെടഞ്ഞതായിരുന്നു ആശ്രയം. എന്നാല്‍, കാലം മാറിയതോടെ ഓലയും പുതിയ സാങ്കേതിക വിദ്യകള്‍ക്കു വഴിമാറി.

എന്നാല്‍, വഴിമാറിപ്പോയ ഓലയെ തിരികെ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാല്‍കോയുടെ കേരളമുള്‍പ്പടെ നാലു സംസ്ഥാനങ്ങളുടെ ചുമതലയുള്ള ഏരിയാ മാനേജരായിരുന്നു സച്ചിതാനന്ദന്‍.

ഭുവനേശ്വര്‍ കേന്ദ്രമാക്കി ജോലി ചെയ്തിരുന്ന സച്ചിതാനന്ദന്‍ പത്തു വര്‍ഷം മുമ്ബാണ് ജോലിയില്‍നിന്നു വിരമിച്ചു തറവാട്ടു വീട്ടില്‍ താമസമാക്കിയത്. പിതാവ് ശ്രീനിവാസയ്യറും മാതാവ് ശാരദാബാംളും വീടിനു ചുറ്റും കമനീയമായി മെടഞ്ഞ ഓലകൊണ്ട് വേലി കെട്ടിച്ചിരുന്നു.

തറവാട് വീടിന്‍റെ ഇരുവശങ്ങളിലും പുറകിലുമായി താമസിക്കുന്ന സഹോദരങ്ങള്‍ വീടിനു സംരക്ഷണത്തിനായി കോണ്‍ക്രീറ്റ് മതില്‍ തീര്‍ത്തിട്ടും ഓലമേഞ്ഞ വേലിയോടുള്ള കൗതുകത്താല്‍ സച്ചിതാനന്ദന്‍ ഒരു പതിറ്റാണ്ടായി വേലിയില്‍ ഓല മേയുന്നു.

മെടഞ്ഞ ഓലയും തെങ്ങോലയുടെ തുഞ്ചും കമനിയമായി അടുക്കി കവുങ്ങിന്‍റെ വാരിയില്‍ കയറുപയോഗിച്ച്‌ ബന്ധിച്ചാണ് സമീപവാസികളായ മാവേലിത്തറ വിജയന്‍ , കോണിപറമ്ബില്‍ രാജന്‍ എന്നിവര്‍ വേലി കെട്ടിക്കൊടുത്തത്. സംഗതി കൗതുകക്കാഴ്ച ആയതോടെ നല്ല പള്ളി മഠം വീട്ടിലെ ഓലവേലിയുടെ ഫ്ലക്സ് ഇരുമ്ബുഴിക്കര ചട്ടമ്ബിക്കവലയിലും ഇടംപിടിച്ചു.

സംഗതി കൗതുകമാണെങ്കിലും ചെലവ് ഇത്തിരി കൂടുതലാണ്. മാത്രമല്ല, ഓലമേഞ്ഞ വേലി ഒരു വര്‍ഷത്തിനകം ജീര്‍ണിക്കും. അപ്പോള്‍ വീണ്ടും കെട്ടേണ്ടി വരും. നാട്ടിന്‍പുറങ്ങളില്‍ ഓലമെടയല്‍ നിലച്ചതോടെ മെടഞ്ഞ തെങ്ങോലയ്ക്കായി സച്ചിതാനന്ദനു വൈക്കത്തിന്‍റെ പല ഭാഗത്തും അലയേണ്ടി വന്നു.

രണ്ടു വര്‍ഷമായി വേലി കെട്ടാന്‍ മറവന്‍തുരുത്ത് പഞ്ഞിപ്പാലം സ്വദേശി രവീന്ദ്രനാണ് മെടഞ്ഞ തെങ്ങോല നല്‍കുന്നത്. പഴമയുടെ ഗന്ധമുള്ള ഓലവേലിയോട് സച്ചിതാനന്ദനു മാത്രമല്ല ഭാര്യ സീതാലക്ഷ്മിക്കും കാനഡയില്‍ ജോലി ചെയ്യുന്ന മകന്‍ രാജേഷ് സച്ചിതാനന്ദനും പ്രത്യേകമായൊരിഷ്ടമുണ്ട്.

Related Articles

Back to top button