Kerala

കെഎസ്ആർടിസി ശമ്പള വിതരണം; 30 കോടി രൂപ അനുവദിച്ച് സർക്കാർ 

“Manju”

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം ഉടൻ. ഇതിനായി ധനവകുപ്പ് അടിയന്തിരമായി അനുവദിച്ചത് 30 കോടി രൂപ മാത്രം. ജീവനക്കാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തീരുമാനമുണ്ടായത്. ശമ്പള വിതരണത്തിനായി ആകെ വേണ്ടത് 97 കോടി രൂപയായിരുന്നു. ഇതിലേക്കാണ് ഇപ്പോൾ 30 കോടി രൂപ സർക്കാർ അനുവദിച്ചിരിക്കുന്നത്.

ഏപ്രിൽ 13 കഴിഞ്ഞിട്ടും മാർച്ച് മാസത്തെ ശമ്പളം പോലും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ജീവനക്കാർ പണിമുടക്ക് പ്രഖ്യാപിച്ചത്. വിഷുവിന് മുമ്പ് ശമ്പളം നൽകണമെന്നായിരുന്നു ജീവനക്കാരുടെ ആവശ്യം. ഏപ്രിൽ 28ന് പണിമുടക്ക് നടത്തുമെന്നും കെഎസ്ആർടിസിയിലെ ഇടതുയൂണിയനുകൾ അടക്കം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഗതാഗത വകുപ്പിന്റെ അഭ്യർത്ഥന പ്രകാരമാണ് ധനവകുപ്പിന്റെ നീക്കം.

സാധാരണയായി 25,000ത്തിലധികം വരുന്ന ജീവനക്കാർക്ക് ഒരുമാസത്തിൽ 97 കോടി രൂപയാണ് ശമ്പള വിതരണത്തിനും പെൻഷൻ നൽകുന്നതിനുമായി ആവശ്യമായിട്ടുള്ളത്. സമര പ്രഖ്യാപനത്തിന് പിന്നാലെ 75 കോടി രൂപ നൽകണമെന്നായിരുന്നു കെഎസ്ആർടിസി ആവശ്യപ്പെട്ടത്. ഇപ്പോൾ അടിയന്തിരമായി പ്രഖ്യാപിച്ച 30 കോടി രൂപ പര്യാപ്തമല്ലെന്നാണ് വിലയിരുത്തൽ. വിഷയത്തിൽ തൊഴിലാളി യൂണിയനുകൾ പ്രതികരണം അറിയിച്ചിട്ടില്ല. കെഎസ്ആർടിസിയിലെ എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാതെ സമരം പിൻവലിക്കാൻ സാധ്യതയില്ലെന്നാണ് വിവരം.

എന്നാൽ പെൻഷൻ വിതരണത്തിനും വായ്പാ തിരിച്ചടവിനും ഇപ്പോൾ ശമ്പള വിതരണത്തിനുമായി ആകെ 230ലധികം കോടി രൂപ കഴിഞ്ഞ ഒരുമാസമായി ധനവകുപ്പ് നൽകിയെന്നും ഇതിൽ കൂടുതൽ തരാനാകില്ലെന്നുമാണ് സർക്കാരിന്റെ വിശദീകരണം.

Related Articles

Back to top button