LatestThiruvananthapuram

കെഎസ്‌ഇബി ജീവനക്കാരുടെ സമരത്തില്‍ തല്‍ക്കാലം ഇടപെടേണ്ട സാഹചര്യമില്ല

“Manju”

കൊച്ചി ; കെഎസ്‌ഇബി ജീവനക്കാരുടെ സമരത്തില്‍ തല്‍ക്കാലം ഇടപെടേണ്ട സാഹചര്യമില്ലെന്ന നിലപാടില്‍ ഹൈക്കോടതി. ബോര്‍ഡിനു യുക്തിസഹമായ നടപടികള്‍ സ്വീകരിക്കാന്‍ അധികാരമുണ്ടെന്ന നിരീക്ഷണത്തോടെയാണ് ഇടക്കാല ഉത്തരവിടാതെ ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുന്നതിനു മാറ്റിവച്ചത്. ഉത്സവ സീസണ്‍ വരുന്ന സാഹചര്യത്തില്‍ കെഎസ്‌ഇബി ജീവനക്കാരുടെ സമരം തടയണം എന്ന് ആവശ്യപ്പെട്ടുള്ള പൊതു താല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വൈദ്യുതി വിതരണം അവശ്യ സേവനത്തിന്റെ പരിധിയില്‍ വരുന്നതാണ് എന്നും ഉദ്യോഗസ്ഥരുടെ സമരം ഉപഭോക്താക്കളെ ബാധിക്കുമെന്നുമാണു ഹര്‍ജിക്കാരന്റെ വാദം. വയനാട് സ്വദേശിയായ അരുണ്‍ ആണ് സമരത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സമരം നടത്തുന്ന ഓഫിസേഴ്സ് അസോസിയേഷന്റെ അംഗീകാരം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

അതേസമയം, കെഎസ്‌ഇബി ജീവനക്കാരുടെ സ്ഥലംമാറ്റത്തിനും മറ്റു നയങ്ങള്‍ക്കമെതിരായ വൈദ്യുതിഭവന്‍ വളയല്‍ സമരത്തിനെത്തിയ ജീവനക്കാരെ പൊലീസ് തടഞ്ഞു. ജീവനക്കാരുടെ സമരം മന്ത്രിക്കെതിരല്ലെന്നും ജീവനക്കാരെ ശത്രുവായി കണ്ട് സ്ഥാപനത്തിനു മുന്നോട്ടു പോകാനാവില്ലെന്നും സമരം ഉദ്ഘാടനം ചെയ്ത് സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

തര്‍ക്കം ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്ന പരിഹാരത്തിനു സര്‍ക്കാരിന്റെ ഭാഗത്തുനിന്നു നീക്കങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. സമരത്തിലുള്ള ഓഫിസേഴ്സ് അസോസിയേഷന്‍ നേതാക്കളുമായി ചര്‍ച്ചയ്ക്ക് വൈദ്യുതി മന്ത്രി തയാറായിട്ടില്ല. ഇതിനിടെ സമരം കടുപ്പിക്കാനാണ് വൈദ്യുതി ഭവനു മുന്നില്‍ സമരം നടത്തുന്ന ഓഫിസേഴ്സ് അസോസിയേഷന്റെ തീരുമാനം.

Related Articles

Back to top button