InternationalLatest

കൊവി‌ഡ് ബാധിച്ചവരില്‍ പൂര്‍ണമായി ഭേദമാകുന്നത് നാലിലൊന്നു പേര്‍ക്ക് മാത്രം

“Manju”

ലണ്ടന്‍: കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരില്‍ നാലിലൊന്ന് പേര്‍ മാത്രമേ ഒരു വര്‍ഷത്തിന് ശേഷവും പൂര്‍ണമായി സുഖം പ്രാപിക്കുന്നുള്ളൂവെന്ന് പഠനം. ദി ലാന്‍സെറ്റ് റെസ്‌പിറേറ്ററി മെഡിസിന്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച യുകെയില്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ലെസ്റ്റര്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരടങ്ങുന്ന സംഘമാണ് പഠനം നടത്തിയത്.

യുകെയില്‍ ഉടനീളം പതിനെട്ട് വയസിന് മുകളില്‍ പ്രായമുള്ള കൊവിഡ് മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ഡിസ്‌ചാര്‍ജ് ചെയ്യുകയും ചെയ്തവരിലാണ് പഠനം നടത്തിയത്. യു കെയിലെ ദേശീയ ആരോഗ്യ സേവന രംഗത്തിന് കീഴിലുള്ള 39 ആശുപത്രിയില്‍ നിന്നുള്ള രോഗികളില്‍ അഞ്ച് മാസം മുതല്‍ ഒരു വര്‍ഷം വരെ ഫോളോ അപ്പ് ചെയ്തവരെയാണ് പഠനത്തിനായി ഉപയോഗിച്ചത്. 2020 മാര്‍ച്ച്‌ 7നും 2021 ഏപ്രില്‍ 18നും ഇടയില്‍ ആശുപത്രിയില്‍ നിന്നും ‌ഡിസ്‌ചാര്‍ജ് ആയ 2320 പേരുടെ ആരോഗ്യപരമായ കാര്യങ്ങള്‍ അഞ്ച് മാസത്തിന് ശേഷം വിലയിരുത്തി. 807 പേരെ അഞ്ച് മാസത്തിനും ഒരു വര്‍ഷത്തിനും ശേഷം വിലയിരുത്തി.

807 പേരുടെ ശരാശരി പ്രായം 59 ആണ്. ഇവരില്‍ 279 പേര്‍ സ്ത്രീകളും 28 ശതമാനം പേര്‍ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയും ചെയ്തവരാണ്. കൊവിഡ് ബാധിച്ച്‌ ആശുപത്രി ചികിത്സ വേണ്ടിവന്നവരില്‍ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളില്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും രോഗമുക്തി നേടാനുള്ള സാദ്ധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. അമിത വണ്ണമുള്ളവരിലും വെന്റിലേറ്ററില്‍ കഴിഞ്ഞവരിലും പൂര്‍ണ രോഗമുക്തി സാദ്ധ്യത കുറവാണെന്നും പഠനം വിലയിരുത്തി. ഇത്തരക്കാര്‍ക്ക് കൂടുതല്‍ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്ന പുനരധിവാസം വേണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

ക്ഷീണം, പേശിവേദന, ശാരീരികമായി മന്ദഗതിയിലാവുക, ഉറക്കക്കുറവ്, ശ്വാസതടസം എന്നിവയാണ് കൊവിഡ് ബാധിച്ചവരില്‍ സാധാരണയായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നങ്ങള്‍. ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് നേടി അഞ്ച് മാസത്തിനപ്പുറവും ഒരു വര്‍ഷത്തിന് ശേഷവുമുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍, അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തല്‍. വിവിധ കോശജ്വലന പ്രോട്ടീനുകളുടെ സാന്നിദ്ധ്യം കണ്ടെത്തുന്നതിനായി പഠനത്തില്‍ പങ്കെടുത്തവരില്‍ നിന്ന് ആശുപത്രി വിട്ട് അഞ്ച് മാസത്തിന് ശേഷം രക്ത പരിശോധനയും നടത്തിയിരുന്നു.

പഠനത്തില്‍ പങ്കെടുത്ത 2320 പേരില്‍ 1636 പേരെ ഒരു ക്ളസ്റ്ററായി വിലയിരുത്താന്‍ മതിയായ റിപ്പോര്‍ട്ടുകള്‍ പഠനത്തില്‍ കണ്ടെത്തിയിരുന്നു. 319 പേര്‍ക്ക് വളരെ ഗുരുതരമായ മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും 493 പേര്‍ക്ക് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും 179 പേര്‍ക്ക് തീവ്രത കുറഞ്ഞ പ്രശ്നങ്ങളുണ്ടെന്നും 645 പേര്‍ക്ക് മിതമായ പ്രശ്നങ്ങള്‍ നേരിട്ടുവെന്നും പഠനത്തില്‍ കണ്ടെത്തി.

അമിതവണ്ണമുള്ളവരിലും വ്യായാമം ചെയ്യുന്നത് കുറവുള്ളവരിലും കൂടുതല്‍ രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരിലും കോശജ്വലനത്തിന് കാരണമാവുന്ന സി റിയാക്ടീവ് പ്രോട്ടീനുകള്‍ കൂടുതലുള്ളവരിലുമാണ് രോഗം ഗുരുതരമായതായി പഠനത്തില്‍ വിലയിരുത്തിയത്. ഫലപ്രദമായി ചികിത്സ നല്‍കിയില്ലെങ്കില്‍ കൊവിഡ് ബാധിച്ചവരില്‍ ഒരു വര്‍ഷത്തിന് ശേഷവും രോഗം പൂര്‍ണമായി ഭേദമാകാത്ത അവസ്ഥ ഗുരുതരമായ പ്രശ്നമായി മാറുമെന്നും വ്യക്തികളുടെ ആരോഗ്യ നിലവാരം മെച്ചപ്പെടുത്തുന്നതിനായി വിഷയം കണക്കിലെടുത്ത് കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ശാസ്ത്രജ്ഞര്‍ ശുപാര്‍ശ ചെയ്യുന്നു.

 

Related Articles

Back to top button