IndiaLatest

ശാന്തിഗിരി ലോകശാന്തിയുടെ ഇടം- ഡോ. ഭാരതി പവാര്‍

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം) : ശാന്തിഗിരി ആശ്രമം ലോകശാന്തിയുടെ ഇടമാണെന്നും ഇവിടെയെത്താന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും കേന്ദ്ര ആരോഗ്യകുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പവാര്‍. ഇന്ന് വൈകുന്നേരം ആശ്രമം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രമന്ത്രിയെ സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി, സ്വാമി ആത്മധര്‍മ്മന്‍ ജ്ഞാന തപസ്വി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. സ്പിരിച്വല്‍ സോണിലെ പ്രാര്‍ത്ഥനാലയത്തില്‍ എത്തി ആരാധനയില്‍ പങ്കെടുത്ത ശേഷം താമരപ്പര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തി. സഹകരണമന്ദിരം സന്ദര്‍ശിച്ച ശേഷം ഗുരുഭക്തരോട് ആശ്രമത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സ്വീഡന്‍ സ്വദേശിനി ഇവയെയും മകളെയും ആശ്രമത്തില്‍ കണ്ടതോടെ അല്‍പ്പനേരം അവരോടും സംസാരിച്ചു. ആശ്രമത്തില്‍ എത്തിയതിനെക്കുറിച്ചും ഗുരുഭക്തയായതിനെക്കുറിച്ചുമായിരുന്നു അന്വേഷണം. പൌര്‍ണ്ണമി ദിനമായതിനാല്‍ ദീപപ്രദക്ഷിണത്തിനുളള മുന്നൊരുക്കങ്ങള്‍‍ നടക്കുന്നുണ്ടായിരുന്നു. പ്രാര്‍ത്ഥനാലയത്തില്‍ ദീപതാലങ്ങള്‍ക്ക് മുന്നില്‍ അല്‍പ്പനേരം ധ്യാനനിമഗ്നയായി ഇരുന്ന് പ്രാര്‍ത്ഥിച്ചതിനു ശേഷമാണ് മന്ത്രി മടങ്ങിയത്. ഇവിടം വല്ലാത്തൊരു അനുഭൂതിയാണ് തന്റെ ഉളളില്‍ നിറയ്ക്കുന്നതെന്നും വീണ്ടും ആശ്രമത്തിലേക്ക് വരുമെന്നും മന്ത്രി പറഞ്ഞു.

സ്പിരിച്വല്‍ സോണിനു പുറമെ ഹെല്‍ത്ത്കെയര്‍ സോണും മന്ത്രി സന്ദര്‍ശിച്ചു. ആയൂര്‍വേദസിദ്ധ ചികിത്സാരീതികളെക്കുറിച്ചും ഔഷധസസ്യപരിപാലനത്തെക്കുറിച്ചും മരുന്നു നിര്‍മ്മാണത്തെക്കുറിച്ചും ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ഡി.കെ. സൌന്ദരരാജന്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.പ്രദീപന്‍. ആര്‍, ഡോ.കിരണ്‍ സന്തോഷ്, ഡോ.ലക്ഷ്മി എന്നിവരോട് വിശിദമായി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സന്ദര്‍ശനവേളയില്‍ ബിജെപി ജില്ലാട്രഷറര്‍ എം.ബാലമുരളിയും ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button