KeralaLatest

കണ്ടക്ടറില്ലാ ബസിന് പൂട്ടിട്ട് മോട്ടോര്‍വാഹന വകുപ്പ്

“Manju”

പാലക്കാട് : സംസ്ഥാനത്തെ ആദ്യ കണ്ടക്ടറില്ലാ ബസിന് പൂട്ടിട്ട് മോട്ടോര്‍വാഹന വകുപ്പ്. കണ്ടക്ടറില്ലാതെ ബസ് സര്‍വ്വീസ് നടത്താന്‍ കഴിയില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പ് പറയുന്നത്. ഇതോടെ ബസ് സര്‍വ്വീസ് നിര്‍ത്തി.

വടക്കഞ്ചേരിയില്‍ നിന്നും ആലത്തൂരിലേക്കുള്ള ബസാണ് കണ്ടക്ടറില്ലാതെ സര്‍വ്വീസ് ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മുഖ്യധാര മാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ശ്രദ്ധ ലഭിച്ചിരുന്നു. നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് ബസ് സര്‍വ്വീസ് ആരംഭിച്ചത്. എന്നാല്‍ കണ്ടക്ടര്‍ ഇല്ലാതെ ബസ് സര്‍വ്വീസ് അനുവദിക്കില്ലെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിക്കുകയായിരുന്നു. മോട്ടോര്‍ വാഹന നിയമം 219 അനുസരിച്ച്‌ ബസില്‍ നിര്‍ബന്ധമായും കണ്ടക്ടര്‍ വേണമെന്നാണ് അധികൃതര്‍ പറയുന്നത്. ഇതോടെ പ്രതിസന്ധിയിലായ ബസ് ഉടമ സര്‍വ്വീസ് ആരംഭിക്കുന്നതിനായി കണ്ടക്ടറെ തേടുകയാണ്.

ആധുനിക സൗകര്യങ്ങളോടെയാണ് ബസ് നിര്‍മ്മിച്ചിരിക്കുന്നത്. പ്രകൃതി വാതകമാണ് ഇന്ധനം. യാത്രക്കാര്‍ക്ക് ചാര്‍ജ് ഇടാന്‍ പ്രത്യേക ബോക്‌സും, ഗൂഗിള്‍ പേ ചെയ്യാനുള്ള സൗകര്യവും ബസില്‍ സജ്ജീകരിച്ചിരുന്നു. യാത്രക്കാരില്‍ നിന്നും ഈ കണ്ടക്ടറില്ലാ ബസിന് വലിയ സ്വീകാര്യത ലഭിക്കുന്നതിനിടെയാണ് മോട്ടോര്‍വാഹന വകുപ്പിന്റെ പൂട്ട്.

Related Articles

Back to top button