LatestThiruvananthapuram

ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കും

“Manju”

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷ ഉറപ്പു വരുത്താന്‍ സംസ്ഥാന വ്യാപകമായി പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഷവര്‍മ കഴിച്ചുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇവ തയ്യാറാക്കുന്നതിന് പ്രത്യേക മാനദണ്ഡം നടപ്പിലാക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഇത് സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഴകിയ മാംസം,​ പാതി വെന്ത മാംസം,​ ശുചിത്വമില്ലായ്മ തുടങ്ങിയവയെല്ലാം പലതരം ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റെയ്‌ഡുകള്‍ നടത്താന്‍ തീരുമാനിച്ചതെന്നും അവര്‍ വ്യക്തമാക്കി.

ഭക്ഷ്യസുരക്ഷാ പരിശോധനയ്‌ക്കായി ജില്ലാ അടിസ്ഥാനത്തില്‍ മൊബൈല്‍ ലാബുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ ജില്ലാ അടിസ്ഥാനത്തില്‍ പരിശോധിച്ച്‌ അടച്ചു പൂട്ടിക്കും. ആരോഗ്യവകുപ്പിന്റെ നിര്‍ദേശം പാലിക്കാത്ത കടയുടമകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ഓപ്പറേഷന്‍ മത്സ്യയിലൂടെ സംസ്ഥാനത്ത് പിടിച്ചെടുത്തത് 4888 കിലോ പഴകിയ മീനാണ്. ഇവയില്‍ ചേര്‍ത്തിരിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ നടക്കുകയാണ്. ഞായറാഴ്ച കാസര്‍കോട് സ്വദേശിയായ പെണ്‍കുട്ടി ഷവര്‍മ കഴിച്ച്‌ മരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് പരിശോധന വ്യാപിപ്പിച്ചത്. ഇതേ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച മുപ്പതിലധികം പേര്‍ ചികിത്സയിലാണ്.

 

 

Related Articles

Back to top button