KeralaLatest

ദുബായില്‍ ഫ്ളാറ്റുകളും വില്ലകളും വാങ്ങിക്കൂട്ടി റഷ്യക്കാര്‍

“Manju”

ദുബായ്: റഷ്യയും യുക്രെയിനും തമ്മിലുള്ള‍ സംഘര്‍ഷം കടുക്കുന്നതിനിടെ നേട്ടം കൊയ്യുന്നത് യുഎഇ. ആണ്. ഇവിടെ റഷ്യക്കാര്‍ ആഡംബര വില്ലകളും ഫ്ളാറ്റുകളും വാങ്ങിക്കൂട്ടുന്നതിനാല്‍ കച്ചവടം ദുബായില്‍ പൊടിപൊടിക്കുകയാണ്.

ജനുവരി മാര്‍ച്ച്‌ മാസങ്ങളില്‍ ദുബായില്‍ റഷ്യക്കാരുടെ വസ്തു വാങ്ങലില്‍ 67 % വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച്‌ 2022ഓടെയാണ് യുഎഇയില്‍ എത്തുന്ന റഷ്യക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാവുന്നത്. റഷ്യ-യുക്രെയിന്‍ യുദ്ധത്തില്‍ ഒരു ചേരിയിലും നില്‍ക്കാതെ സ്വതന്ത്രമായി നിന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു യുഎഇ.
റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തെ അപലപിക്കാനുള്ള ഐക്യരാഷ്ട്ര സഭ സുരക്ഷാ സമിതിയുടെ വോട്ടെടുപ്പില്‍ നിന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കാനുള്ള വോട്ടെടുപ്പില്‍ നിന്നും യുഎഇ വിട്ടുനിന്നിരുന്നു. റഷ്യയ്ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുന്നതിനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ആഹ്വാനത്തിലും യുഎഇ പിന്തുണ നല്‍കിയിരുന്നില്ല. ഇക്കാരണങ്ങളാണ് യുഎഇയില്‍ റഷ്യക്കാരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് പിന്നില്‍.
25 ലക്ഷം ഡോളര്‍ മുതല്‍ 50 ലക്ഷം ഡോളര്‍ വരെയുള്ള ഫ്ളാറ്റുകളും വില്ലകളുമാണ് കൂടുതലും വിറ്റുപോകുന്നത്. ഒരു വര്‍ഷത്തേയ്ക്കുള്ള വാടക മുന്‍കൂറായി നല്‍കുന്നവരും ഇക്കൂട്ടത്തിലുണ്ട്. യുദ്ധം കനക്കുന്നതോടെ യുഎഇയില്‍ തന്നെ ജീവിക്കാനുള്ള മുന്നൊരുക്കത്തിലാണ് മിക്ക റഷ്യന്‍ സ്വദേശികളും. നിരവധി പേര്‍ യുഎഇയില്‍ ബിസിനസ് സംരംഭങ്ങളും ആരംഭിച്ചിരിക്കുകയാണ്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ ആയിരങ്ങളാണ് റഷ്യ ഉപേക്ഷിച്ച്‌ കടന്നത്. തങ്ങള്‍ക്കും തങ്ങളുടെ ബിസിനസ് സ്ഥാപനങ്ങള്‍ക്കും ദുബായില്‍ രണ്ടാമതൊരു വീടൊരുക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.
റഷ്യയ്ക്ക് മേല്‍ ഉപരോധങ്ങള്‍ കനത്തതോടെ റഷ്യയിലെ നിരവധി സ്റ്റാര്‍ട്ട് അപ്പ് കമ്പനികളാണ് തങ്ങളുടെ സ്ഥാപനം ദുബായിലേക്ക് പറിച്ചുനട്ടത്. റഷ്യയില്‍ അടച്ചുപൂട്ടിയ ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ജെപി മോര്‍ഗന്‍, ഗൂഗിള്‍ തുടങ്ങിയ ആഗോള സ്ഥാപനങ്ങളും ജീവനക്കാരെ യുഎഇയിലേക്ക് മാറ്റുകയാണ്.
പാശ്ചാത്യ ഉപരോധങ്ങള്‍ക്ക് പിന്നാലെ റഷ്യയുടെ വിദേശ കരുതല്‍ ധനത്തില്‍ നിന്നും 630 ബില്ല്യണ്‍ ഡോളര്‍ നഷ്ടമായിരുന്നു. പിന്നാലെ രാജ്യത്തിന്റെ കരുതല്‍ ശേഖരം സംരക്ഷിക്കുന്നതിനായി 10,000 ഡോളറില്‍ കൂടുതല്‍ വിദേശ കറന്‍സിയുമായി രാജ്യം വിടുന്നതിന് പൗരന്മാര്‍ക്ക് റഷ്യ വിലക്കേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ വിലക്കില്‍ നിന്നും മറികടന്ന് രാജ്യം വിടാന്‍ ചില റഷ്യക്കാര്‍ ക്രിപ്റ്റോ കറന്‍സിയാണ് ഉപയോഗിച്ചത്. യുഎഇയും റഷ്യയും തമ്മില്‍ വ്യാപാരം തുടരുന്നുണ്ടെങ്കിലും യുഎഇയില്‍ എത്തുന്ന നല്ലൊരു ശതമാനം പണവും ഉപരോധമില്ലാത്ത റഷ്യക്കാരില്‍ നിന്നാണ്.

Related Articles

Back to top button